Asianet News MalayalamAsianet News Malayalam

Man set the bank on fire : ലോണ്‍ നല്‍കാത്ത ബാങ്കിന് തീയിട്ട് യുവാവ്; പിന്നാലെ വന്‍ ട്വിസ്റ്റ്

സിബില്‍ സ്കോര്‍ കുറവായതിനാലാണ് വസീമിന്‍റെ വായ്പ അപേക്ഷ തള്ളിയത് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. 

a man allegedly set the bank on fire in Haveri district on Sunday
Author
Bengaluru, First Published Jan 11, 2022, 12:12 PM IST

ബെംഗളൂരു: വായ്പയ്ക്ക് ലഭിക്കാനുള്ള അപേക്ഷ തള്ളിയതിന് പിന്നാലെ ബാങ്കിന് തീയിട്ട് യുവാവ്. തുടര്‍ന്ന് ബാങ്കിന് 16 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട എന്ന ഗ്രാമത്തിലാണ് സംഭവം. വസീം അക്രം മുല്ല എന്ന 33 കാരനാണ് ബാങ്കിന് തീ ഇട്ടത്. തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ഓടിച്ച് പിടികൂടുകയായിരുന്നു.

സിബില്‍ സ്കോര്‍ കുറവായതിനാലാണ് വസീമിന്‍റെ വായ്പ അപേക്ഷ തള്ളിയത് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ വസീം പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു കാന്‍ പെട്രോളുമായി എത്തി ബാങ്കിന്‍റെ ഒന്നാം നിലയുടെ ജനല്‍ തകര്‍ത്ത് പെട്രോള്‍ ഉള്ളിലേക്ക് ഒഴിച്ച് തീ ഇടുകയായിരുന്നു.

ബാങ്കില്‍ കമ്പ്യൂട്ടറുകള്‍, സ്കാനര്‍, സിസിടിവി സിസ്റ്റം, ഫാനുകള്‍, നോട്ടെണ്ണല്‍ യന്ത്രം, രേഖകള്‍ എന്നിവയെല്ലാം കത്തി നശിച്ചു. ബാങ്കിലെ ഫര്‍ണിച്ചറുകളും ക്യാഷ് കൗണ്ടറും കത്തിയവയില്‍ ഉള്‍പ്പെടുന്നു. ഇതിന് ശേഷം ഓടിരക്ഷപ്പെടാന്‍ നോക്കിയ യുവാവിനെ പരിസരവാസികളാണ് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്. അഗ്നിശമന സേനയുടെ വണ്ടി വന്നാണ് തീ അണച്ചത്.

അതേ സമയം സംഭവത്തില്‍ മറ്റ് ചില ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തി. തീവയ്ക്കലില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ചില ബാങ്ക് രേഖകള്‍ നശിപ്പിക്കാനാണ് തീവച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. താനാണ് തീയിട്ടത് എന്ന് വസീം സമ്മതിച്ചെങ്കിലും നാട്ടുകാര്‍ ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. സമഗ്രമായ അന്വേഷണം വേണം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios