ഉത്സവ പറമ്പിലെ തർക്കത്തിലുണ്ടായ പകയാണ് വിജേഷിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ കാരണമെന്ന് പൊലീസ്
കോഴിക്കോട് : യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച് കേസിലെ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി വിജേഷിനെ വെട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്. കർണാടകയിലെ ഹുസൂറിനടുത്തുള്ള ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ധനേഷ്, പ്രസൂൺ, ജിഷ്ണു, ഉജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊട്ടേഷൻ സംഘമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുൻപാണ് സംഭവം ഉണ്ടായത്.
ഉത്സവ പറമ്പിലെ തർക്കത്തിലുണ്ടായ പകയാണ് വിജേഷിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോഴാണ് ഒരു സംഘം ആളുകൾ വിജേഷിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജേഷ് ഇപ്പോഴും ചികിത്സയിലാണ്. നേരത്തേയും പല ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വിജേഷിന് നേരെയുണ്ടായ ആക്രമണത്തിൽ രാഷ്ട്രീയം ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയെങ്കിലും ഉത്സവ പറമ്പിലെ തർക്കമാണെന്ന് വ്യക്തമാക്കി ഈ ആരോപണം പൊലീസ് തള്ളി.
