മലപ്പുറം: തിരൂരില്‍ മധ്യവയസ്ക്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റിലായി. തിരൂര്‍ അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കറാണ് പൊലീസിന്‍റെ പിടിയിലായത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മധ്യവയസ്‌കരായ സ്‌ത്രീകളെ ഉപദ്രവിക്കുന്നത് പ്രതിയുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു മാസമായി ഒളിവിലായിരുന്നു അര്‍ജ്ജുൻ ശങ്കര്‍. പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിട്ടും പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപെടുത്തിയിട്ടും അര്‍ജ്ജുൻ ശങ്കര്‍ ഒളിവില്‍ തുടരുകയായിരുന്നു. 
മൊബൈല്‍ഫോൺ ഉപയോഗിക്കാതെയും ജോലി സ്ഥലം ഇടക്കിടെ മാറിയും പൊലീസിനെ കബളിപ്പിച്ച അര്‍ജ്ജുൻ ശങ്കറിനെ തൃശ്ശൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഫെബ്രുവരി പത്തിനായിരുന്നു അര്‍ജ്ജുൻ ശങ്കര്‍ വീട്ടമ്മയെ ആക്രമിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയി വീട്ടമ്മയെ ലൈംഗീകമായി ആക്രമിക്കുകയായിരുന്നു. 

ഭര്‍ത്താവ് പത്രം വാങ്ങാനായി പുറത്തു പോയ സമയത്താണ് അയല്‍വാസിയായ അര്‍ജ്ജുൻ ശങ്കര്‍ വീട്ടിനകത്ത് കയറിയത്. വീട്ടമ്മ തിരിച്ചറിഞ്ഞതോടെ അര്‍ജ്ജുൻ ശങ്കര്‍ അന്നുതന്നെ മുങ്ങി. സമാനമായ അനുഭവം പ്രദേശത്തെ പല സ്‌ത്രീകള്‍ക്കുമുണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പരാതി നല്‍കാൻ തയ്യാറായിരുന്നില്ല. ഈ അവസരം മുതലെടുത്താണ് വീട്ടമ്മയെ അര്‍ജ്ജുൻ ശങ്കര്‍ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.