കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയിൽ യുവതിയ്ക്ക് നേരെ അക്രമി ആസിഡൊഴിച്ചു. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം യുവതിയെ അക്രമി കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് എത്തിച്ചു.

യുവതിയുടെ മുൻഭർത്താവായ സുഭാഷാണ് കുത്തിയത്. സുഭാഷുമായി ബന്ധം വേർപിരിഞ്ഞതാണ് യുവതി. യുവതിയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛൻ ബാലകൃഷ്ണൻ പറയുന്നു. യുവതിയെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ.

വൈകിട്ടോടെയായിരുന്നു സംഭവം. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ച് യുവതിയെ അക്രമി പിന്തുടർന്നെത്തി ദേഹത്തേയ്ക്ക് ആസിഡൊഴിക്കുകയായിരുന്നു. അലറിക്കരഞ്ഞ യുവതിയെ അക്രമി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. കുത്തേറ്റ യുവതി താഴെ വീണു. 

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് നിന്ന് പൊലീസ് അക്രമി ഉപേക്ഷിച്ചുപോയ കത്തി കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായി രക്തം വാർന്ന യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. എന്താണ് അക്രമത്തിന് കാരണമെന്നതിൽ യുവതിയുടെ മൊഴി ആവശ്യമാണ്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയ്ക്ക് നിലവിൽ മൊഴി നൽകാനോ, എന്താണുണ്ടായതെന്ന് വ്യക്തമായി പറയാനോ കഴിയാത്ത സ്ഥിതിയാണ്.

കാരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.