തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വീണ്ടും സജീവമാകുന്നുവെന്ന സൂചന നൽകി ഗുണ്ടാസംഘങ്ങൾ  പാർട്ടി നടത്തി. ഗുണ്ടാസംഘത്തിന്റെ ഒത്തുചേരലിന്റെയും ആഘോഷങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹോട്ടലിന് കത്ത് നൽകിയ സ്പെഷ്യൽ ബ്രാഞ്ച് അസിറ്റന്റ് കമ്മീഷണറെ സ്ഥലം മാറ്റി. 

തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിറ്റന്റ് കമ്മീഷണർ പ്രമോദിനെയാണ് സ്ഥലം മാറ്റിയത്. തലസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഗുണ്ടാ കുടിപ്പകയും ഏറ്റുമുട്ടലുകളും വീണ്ടും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ പല ഗുണ്ടാസംഘങ്ങൾ തമ്മിൽ ഒത്തുതീർപ്പിലെത്തി. ഇതിന്റെ ഭാഗമായി കൊലക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഒരു ഗുണ്ടാനേതാവാണ് നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചത്. 

ഒരു കാലത്ത് നഗരത്തിൽ സജീവമായിരുന്ന ഗുണ്ടാനേതാക്കൾ എല്ലാം ഇവിടെ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. ഈ ആഷോഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണ് ഹോട്ടലിന് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ പ്രമോദ് കത്ത് നൽകിയത്. ഇതിന് പിന്നാലെയാണ് പ്രമോദിനെ തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്മെന്റിലേക്ക് സ്ഥലം മാറ്റിയത്. 

നഗരത്തിൽ ഗുണ്ടകൾ വീണ്ടും സജീവമാകുന്നുവെന്നും, ഇവർ പലയിടങ്ങളിലും മണ്ണ് മാഫിയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടാ സംഘങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. പൊലീസ് നിയമനങ്ങളിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇവർ പിടിമുറുക്കുന്നുവെന്നാണ് സേനയ്ക്കുള്ളിൽ നിന്ന് തന്നെയുള്ള സൂചനകൾ.