കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികള്‍ ഇന്ന് പരിശോധിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടൻ ദിലീപ് അടക്കം 6 പ്രതികള്‍ നൽകിയ ഹർജിയിലാണ് തീരുമാനം. ദിലീപിന് പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവരാണു ദൃശ്യങ്ങൾ പരിശോധിക്കാൻ അപേക്ഷ സമർപ്പിച്ചത്.

ദൃശ്യങ്ങൾ ഒറ്റയ്ക്കു പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിർദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക.