കൊച്ചി: ക്വട്ടേഷന്‍ പീഡനക്കേസില്‍ നടന്‍ ദിലീപിനെതിരെ കോടതി ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി ഭാഗികമായി തള്ളി. ദിലീപിനെ ജയിലില്‍ വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി എന്ന ഭാഗം ഒഴിവാക്കണം എന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സാക്ഷികളുടെ ക്രമപട്ടികയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ട മാറ്റങ്ങള്‍ കോടതി അംഗീകരിച്ചു. 

കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ വിചാരണക്ക് മുന്പ് ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടും അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോടതിക്ക് റിപ്പോര്‍ട് നല്‍കി. വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ് ചട്ടം.