Asianet News MalayalamAsianet News Malayalam

'20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം', പ്രോസിക്യൂഷൻ

'ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്'

Actress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High Court
Author
Kochi, First Published Jan 20, 2022, 3:11 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്,  ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ 'വിഐപി' എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്. 

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. 

ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്‍റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് - പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. 

നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തണം. 

അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നത്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. മുൻകൂർ ജാമ്യം ദിലീപിന് നൽകിയാൽ അത് കേസിന്‍റെ അന്വേഷണത്തെത്തന്നെ ബാധിക്കും. അതിനാൽ ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം നൽകരുത്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. 

ഇന്ന് രാവിലെ  സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പ്രോസിക്യൂഷൻ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് തനിക്ക് തരണമെന്ന ദിലീപിന്‍റെ ആവശ്യം പ്രോസിക്യൂഷന്‍ തള്ളി. നാല് പുതിയ സാക്ഷികളെ ഈ മാസം 22-ന് വിസ്തരിക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. 

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോർട്ട് ഇന്ന് കൈമാറണം എന്നായിരുന്നു വിചാരണ കോടതിയുടെ നിർദേശം. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.  

തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് തനിക്ക് നൽകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോർട്ട്  അവകാശപ്പെടാൻ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജിയും കോടതി ഇന്ന് പരിഗണിച്ചു. ദൃശ്യങ്ങളില്‍ അന്വേഷണ സംഘം കൃത്രിമം നടത്തുമെന്നും തുടരന്വേഷണത്തിന് ഉപയോഗപ്പെടുത്തുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. ഈ ഹര്‍ജിയും പ്രോസിക്യൂഷൻ എതിർത്തു. ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തുമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അങ്ങിനെ ചെയ്താല്‍ തന്നെ അതിന്‍റെ തെളിവുകളായി ഡിജിറ്റൽ ഇംപ്രിന്‍റ്സ് അവശേഷിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് രണ്ട് ഹര്‍ജികളും ഈ മാസം 25-ലേക്ക് പരിഗണിക്കാൻ മാറ്റി.  പള്‍സർ സുനിയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണസംഘം സമർപ്പിച്ച ഹർജിയും ഉത്തരവിനായി മാറ്റി. വിചാരണക്കോടതിയുടെ തീരുമാനം റദ്ദ് ചെയ്തുകൊണ്ട് അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios