ദില്ലി: നികുതി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി നടി ഇഷ ശര്‍വാണിയെ വഞ്ചിച്ച് മൂന്ന് ലക്ഷം തട്ടി. കേസില്‍ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഓസ്‌ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട്. 

ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ഇഷ ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെയുള്ള താമസസ്ഥലത്തെത്തിയാണ് പ്രതികള്‍ ഇഷയെ കബളിപ്പിച്ചത്. നികുതി ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ത്ത ശേഷം നടിയുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു. 

എന്നാല്‍ പിന്നീട് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞ ഇഷ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈകാതെ പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിക്കുകയും ചെയ്തു. 

2005ല്‍ 'കിസ്‌ന' എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷ ശര്‍വാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം 'ഗുഡ് ബോയി ബാഡ് ബോയ്', 'ഡേവിഡ്', 'ഖരീബ് ഖരീബ് സിംഗിള്‍' തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. 'അഞ്ചുസുന്ദരികള്‍', 'ഡബിള്‍ ബാരല്‍', 'ഇയ്യോബിന്റെ പുസ്തകം' എന്നീ മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.