തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ദിച്ച സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണെന്ന് മനുഷ്യാവകാശ കമ്മീഷൻ. മർദ്ദനമേറ്റ പൊലീസുകാരൻ ഗവാസ്കറിന്‍റെ ഭാര്യയുടെ പരാതിയിലാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം.  

പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മർദ്ദിച്ച സംഭവത്തിൽ ഒന്നര വർഷം കഴി‌ഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപിയുടെ മകളും, ഇവരുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കറും നൽകിയ ഹർജികൾ തീർപ്പാക്കാനും ക്രൈം ബ്രാ‌ഞ്ച് ഇടപെടുന്നില്ല. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

2018 ജൂണ്‍ 14നാണ് എഡിജിപി സുധേഷ് കുമാറിന്‍റെ പൊലീസ് ഡ്രൈവറെ മകള്‍ ആക്രമിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുമ്പോഴായിരുന്നു മർദ്ദനം. ഏറെ വിവാദമായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെ സഹായിക്കാൻ തുടക്കം മുതല്‍ അണിയറ നീക്കം നടന്നിരുന്നു. ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് എഡിജിപിയുടെ മകളും പൊലീസിൽ പരാതി നൽകി. ഈ രണ്ടു പരാതികളിലും കേസെടുത്ത ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ട് ഒരു വർഷം കഴിയുന്നു. 

എഡിജപിയുടെ മകളുടെ പരാതിയിൽ വസ്തുതയില്ലെന്ന ഇടക്കാല റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയതെന്നാണ് സൂചന. ഈ റിപ്പോർട്ട് അംഗീകരിക്കാൻ ഇതുവരെ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ല. കേസ് പരിഗണിക്കുന്നത് നീട്ടികൊണ്ടുപോവുകയാണ്. ഇതിനിടെ ഗവാസ്ക്കറുടെ ഭാര്യ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നവെന്ന ന്യായമാണ് കമ്മീഷനു മുന്നിലും ക്രൈം ബ്രാഞ്ച് നിരത്തിയത്. പക്ഷെ അന്വേഷണം വേഗത്തിൽ പൂർ‍ത്തിയാക്കാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഇതിനിടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പ്രശാന്തൻ ഡയറക്ടർ ജനറൽ പ്രോസിക്യൂഷന് റിപ്പോർട്ട് നൽകി.