ആലപ്പുഴ: പൂച്ചാക്കൽ അപകടത്തിൽ വഴിത്തിരിവ്. അപകടത്തിനിടയാക്കിയ കാറോടിച്ചത് താനാണെന്ന് അറസ്റ്റിലായ അസം സ്വദേശി ആനന്ദ് മുഡോയി പൊലീസിന് മൊഴി നൽകി. മനോജിനൊപ്പം മദ്യപിച്ച ശേഷമാണ് അമിത വേഗത്തിൽ കാർ ഓടിച്ചത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

അപകടം നടന്ന് ഒരു ദിവസത്തിനിപ്പുറമാണ് വാഹനം ഓടിച്ചത് അസം സ്വദേശി ആനന്ദ് മുഡോയിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന പൂച്ചാക്കൽ സ്വദേശി മനോജിന്‍റെ സുഹൃത്താണ് ഇയാൾ. ഇരുവരും രാവിലെ മുതൽ മദ്യലഹരിയിലായിരുന്നു. ഉച്ചയോടെ കാറിൽ അമിത വേഗയിൽ പാഞ്ഞെത്തി വിദ്യാർഥിനികളെയടക്കം ഇടിച്ചുവീഴ്ത്തി. അസം സ്വദേശിക്കും മനോജിനും ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറയുന്നു.

"

അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആനന്ദിനെ വൈകീട്ട് ഡിസ്ചാർജ്ജ് ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനോജ് ഇപ്പോഴും ചികിത്സയി ലാണ്. വധശ്രമം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ ആശുപത്രികളിൽ ചികിത്സയിലുള്ള നാല് വിദ്യാർത്ഥിനികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു.