സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസിന്റെ അന്വേഷണം സജിത്തിലേയ്ക്ക് എത്തിയത്.

ആലപ്പുഴ: പുലര്‍ച്ചെ കുര്‍ബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്ന കേസില്‍ പ്രതി പൊലീസ് പിടിയില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടില്‍ സജിത്ത് (അപ്പച്ചന്‍ സജിത്ത്-31) ആണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് കൊല്ലം പറമ്പ് വീട്ടില്‍ ജോസിയുടെ ഭാര്യ ജാന്‍സിയുടെ മാലയാണ് സജിത്ത് കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45ന് സെന്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകവെയായിരുന്നു സംഭവം. ചെടികള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പ്രതി ജാന്‍സിയെ പിന്നില്‍ നിന്ന് അക്രമിക്കുകയും ചെയ്തു. ജാന്‍സിയെ ചവിട്ടി വീഴ്ത്തിയ ശേഷമാണ് രണ്ട് പവന്‍ തൂക്കം വരുന്ന മാലയുമായി സജിത്ത് കടന്നു കളഞ്ഞത്. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടി എത്തിയെങ്കിലും പ്രതി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. 

സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പുന്നപ്ര പൊലീസിന്റെ അന്വേഷണം സജിത്തിലേയ്ക്ക് എത്തിയത്. തുടര്‍ന്ന് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തപ്പോള്‍ മാല കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

കരിമ്പുലിയും വീട്ടുമുറ്റത്ത്, 'അപൂര്‍വ്വ സംഭവം'; ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടത് നീലഗിരിയിലെ വീഡിയോ

YouTube video player