സ്ഥലത്ത് തടിച്ചുകൂടി ആളുകള്‍ക്ക് നേരെ ബാബു കത്തി വീശി. മദ്യലഹരിയിലായിരുന്ന ബാബു മുണ്ടുരിഞ്ഞ് നഗ്നതാ പ്രദർശനവും നടത്തി. 

കോട്ടയം: കോട്ടയം നഗരത്തിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം. തിരുനക്കര മൈതാനത്തിന് സമീപം തെരുവിൽ കഴിയുന്ന ബാബു എന്നയാണ് മദ്യലഹരിയില്‍ പട്ടാപ്പകല്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭാര്യയെ ആക്രമിക്കുന്നതിനിടെ തടയാനെത്തിയ ആളുടെ തല ഇയാൾ അടിച്ചു പൊട്ടിച്ചു. അക്രമം തടയാൻ ചെന്ന നാട്ടുകാരേയും ബാബു ആക്രമിക്കാൻ ശ്രമിച്ചു. 

തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവിലാണ് ഇവര്‍ കഴിയുന്നത്. മദ്യ ലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ബാബു ഭാര്യയുടെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം കണ്ട് ചോദ്യം ചെയ്യാനെത്തിയ ആളെ ബാബു ആക്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളിയെ ആണ് ബാബു ആക്രമിച്ചത്. സ്ഥലത്ത് തടിച്ചുകൂടി ആളുകള്‍ക്ക് നേരെ ബാബു കത്തി വീശി. മദ്യലഹരിയിലായിരുന്ന ബാബു മുണ്ടുരിഞ്ഞ് നഗ്നതാ പ്രദർശനവും നടത്തി. 

സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പൊലീസെത്തിയിട്ടും മദ്യലഹരിയില്‍ ഇയാള്‍ പ്രദേശത്ത് അഴിഞ്ഞാടി. സ്ഥലത്തെത്തിയിട്ടും ആദ്യമൊന്നും പൊലിസ് മദ്യപാനിയെ പിടികൂടിയില്ല. പൊലീസിന്‍റെ മുന്നിലും അക്രമം കാണിച്ചതോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്ത് എത്താൻ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിരുനക്കര മൈതാനത്തിന് സമീപം ഇതുപോലുള്ള ലഹരി സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.