നായാട്ടുസംഘങ്ങള്‍ക്കെതിരായ നടപടിയുടെ പേരില്‍ വീടുകളില്‍ അതിക്രമം കാട്ടുന്നതായാരോപിച്ച് വനംവകുപ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കാണ് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്

താമരശ്ശേരി: നായാട്ടുസംഘങ്ങള്‍ക്കെതിരായ നടപടിയുടെ പേരില്‍ വീടുകളില്‍ അതിക്രമം കാട്ടുന്നതായാരോപിച്ച് വനംവകുപ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കാണ് (Thamarassery forest range ) സിപിഎം (CPM) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തിയ റെയ്ഡിനിടെ ഭയന്നോടിയ കോടഞ്ചേരി സ്വദേശി ബിബിനെ ഇത് വരെ കണ്ടെത്തിയിട്ടില്ല.

നായാട്ടുസംഘങ്ങളെ പിടികൂടാനെന്ന പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവെന്നാണ് സിപിഎം ആരോപണം. മലമാനിന്‍റെ ഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് വനം വകുപ്പ് ഞായറാഴ്ച രാത്രി കോടഞ്ചേരി നൂറാംതോട്ടെ 80 കാരി മറിയാമ്മയുടെ വീട്ടില്‍ നടത്തിയ റെയ്ഡാണ് വനംവകുപ്പിനെതിരായ സിപിഎമ്മിന്‍റെ പരസ്യ പ്രതിഷേധത്തിലേക്ക് നയിച്ച ഒടുവിലെ സംഭവം. 

രണ്ട് വീടുകളില്‍ കയറി നടത്തിയ പരിശോധനയ്ക്കിടെ വീട്ടില്‍ വാങ്ങിച്ച പോത്തിറച്ചി മാനിറച്ചിയാണെന്ന പേരില്‍ പിടിച്ചെടുത്തെന്ന് പരാതിയുണ്ട്. റെയ്ഡിനിടെ ഭയന്നോടിയ കോടഞ്ചേരി സ്വദേശി ബിബിനെ ഇത് വരെ കണ്ടെത്തിയിട്ടില്ല. സമാനമായ നിരവധി സംഭവങ്ങളാണ് സമീപ കാലത്ത് മാത്രം ഉണ്ടായതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വനം വകുപ്പ് വീടുകളില്‍ പരിശോധന നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം, മറിയാമ്മയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇറച്ചി മാനിറച്ചിയാണോയെന്ന് അറിയാന്‍ പരിശോധന നടത്തുമെന്ന് താമരശേരി റേഞ്ച് ഓഫീസര്‍ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളെ ഉള്‍പ്പെടെ അറിയിച്ച ശേഷമാണ് റെയ്ഡ് നടത്താറുളളതെന്നും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മറിയാമ്മ കോടഞ്ചേരി പൊലീസിൽ പരാതി കൊടുത്തെങ്കിലും പൊലീസ് കേസ് എടുത്തിട്ടില്ല. റെയ്ഡിനിടെ കാണാതായ ബിബിനായുളള അന്വേഷണം തുടരുകയാണ്.