തിരുവനന്തപുരം: അമ്പൂരിയില്‍ കൊലചെയ്യപ്പെട്ട രാഖിയുടെ വസ്ത്രങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചെന്ന് പിടിയിലായ രണ്ടാം പ്രതി രാഹുലിന്‍റെ മൊഴി. രാഖിയുടെ കഴുത്ത് ഞെരിച്ചത് അഖിലാണെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രാഖിയെ കാറിയല്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നത്. ആദ്യം വാഹനം ഓടിച്ചിരുന്നത് അഖിലാണ്. വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായതോടെ വാഹനം നിര്‍ത്തി അഖില്‍ പിന്‍സീറ്റിലേക്ക് പോയി. പിന്നെ താന്‍ വാഹനം ഓടിച്ചു. ഇതിനിടെ, മുന്‍സീറ്റിലിരുന്ന രാഖിയുടെ കഴുത്ത് അഖില്‍ ഞെരിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിയ ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കിയത് താനാണ്. രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.

പൂവാർ പൊലീസാണ് രാഹുലിനെ ഇന്ന് അറസ്റ്റ് ചെയ്തത്. രാഖിയുമായി  പ്രണയത്തിലായിരുന്ന അഖിലിന്‍റെ സഹോദരനാണ് രാഹുൽ. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അഖിലിനെ കണ്ടെത്താൻ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

ഇതിനിടെ, കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കൊലപാതക വിവരം അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നെന്നും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് ഇടപെടലെന്നുമാണ് രാഖിയുടെ അച്ഛൻ ആരോപിച്ചത്.