തിരുവനന്തപുരം: അമ്പൂരി കൊലപാതകക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒമ്പത് വരെ റിമാന്‍റ് ചെയ്തു. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍റ് ചെയ്തത്. രാഖിയുടെ കഴുത്തിൽ കയർ കൊണ്ട് മുറുക്കിയത് അഖിലും രാഹുലും ചേർന്നാണെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖിൽ വാട്സ് ആപ്പിലൂടെ രാഖിയെ അറിയിച്ചു. ആ വിവാഹം നടന്നാല്‍ സമൂഹമാധ്യമങ്ങൾ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് മൂന്നു പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം കഴുത്ത് ഞെരിച്ചത് രണ്ടാം പ്രതി രാഹുലാണ്. അനുജന്റെ വിവാഹം തടയുമോയെന്ന് ആക്രോശിച്ച് രാഹുല്‍ രാഖിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഒന്നാം പ്രതി അഖിലാണ് കാറിൽ രാഖിയെ വീട്ടിലെത്തിച്ചത്. രാഖി നിലവിളിച്ചപ്പോൾ അഖിൽ കാറിന്റെ ആക്സിലേറ്റർ അമർത്തിച്ചവിട്ടി ശബ്ദമുണ്ടാക്കി. അഖിലും രാഹുലും ചേർന്ന് കയർ കൊണ് കഴുത്തുമുറുക്കി രാഖിയുടെ മരണം ഉറപ്പാക്കുകയായിരുന്നെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.