തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് പൊലീസ് പറയുന്നത്. 

ഭര്‍ത്താവായ അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതെന്നാണ് പൊലീസ് പറയുന്നത്. അഖിലിന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രാഖി വിവാഹം മുടക്കാന്‍ നോക്കിയത് ഇവരുടെ ബന്ധം കൂടുതല്‍ വഷളാക്കിയെന്നും പൊലീസ് പറയുന്നു. കേസിലെ മൂന്നാം പ്രതിയായ ആദര്‍ശിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അതേസമയം, കേസിൽ നിര്‍ണ്ണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാൻ പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങളിൽ കാണുന്നത് മകൾ രാഖി തന്നെയാണെന്നും ജൂണ്‍ 21 ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു.