തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തിൻറെ കുറ്റപത്രം ഈ മാസം അവസാനം പൂവ്വാർ പൊലീസ് സമർപ്പിക്കും. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിൻറെ നീക്കം. കേസിലെ മുഖ്യപ്രതികളായ അഖിലിന്‍റെ രക്ഷിതാക്കള്‍ക്കോ മറ്റ് സുഹൃത്തുക്കള്‍ക്കോ കൊലപാകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. 

അമ്പൂരി സ്വദേശികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവരാണ് കേസിലെ പ്രതികള്‍. പട്ടാക്കാളക്കാരനായ രാഹുലും കൊല്ലപ്പെട്ട രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് രാഹുൽ രാഖിയെ വിവാഹം കഴിച്ചു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി രാഹുൽ അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന് രാഖി തടസ്സം നിന്നതോടെയാണ് പ്രതികള്‍ ഗൂഡാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. 

ജൂണ്‍ 21നാണ് രാഖിയെ നെയ്യാററിൻകര ബസ് സ്റ്റാൻറിൽ നിന്നും അഖിൽ കാറിൽ കയറ്റുന്നത്. വഴിയിൽ വച്ച് സഹോദരനായ രാഹുൽ കാറിൽ കയറി. യാത്രക്കിടെ അഖിൽ പിന്നിലെ സീറ്റിലേക്ക് മാറി. പിന്നീട് അമ്പൂരിയിലെ വീട്ടിലേക്ക് വാഹനമോടിച്ചത് രാഹുലാണ്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാൽ സമൂഹമാധ്യമങ്ങള്‍ വഴി എല്ലാം തുറന്നുപറയുമെന്ന് രാഖി പറഞ്ഞതോടെ പിൻസീറ്റിലിരുന്ന ഒന്നാം പ്രതി പെണ്‍കുട്ടിയുടെ കഴുത്തു ഞെരിച്ചു. അമ്പൂരിയിൽ രാഹുൽ പണി കഴിപ്പിക്കുന്ന വീട്ടിലെത്തിച്ചപ്പോള്‍ രാഖിക്ക് പകുതിബോധം മാത്രമാണുണ്ടായിരുന്നത്. 

പിന്നീട് സഹദോരങ്ങള്‍ ചേർന്ന കയര്‍ അഴിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. അയൽവാസിയായ ആദർശിൻറെ സഹായത്തോടെയാണ് മുൻകൂട്ടിയെടുത്ത കുഴിയില്‍ മൃതദേഹം മറവ് ചെയ്തത്. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങള്‍ മാറ്റിയശേഷമാണ് മറവ് ചെയ്തത്. പ്രതികള്‍ പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച വസ്ത്രങ്ങളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. 

കഴുത്തി ഞെരിക്കാൻ ഉപയോഗിച്ച കയർ, കുഴിയെടുക്കാനുപയോഗിച്ച ആയുധങ്ങളും അഖിലിൻറെ വീട്ടിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ മൂന്ന് പ്രതികള്‍ക്കല്ലാതെ രാഹുലിന്‍റെ രക്ഷിതാക്കള്‍ക്കോ മറ്റേതെങ്കിലും സുഹൃത്തുക്കള്‍ക്കോ ബന്ധമില്ലെന്നും പൊലീസ് പറയുന്നു. ജൂലൈ 25-നാണ് മൃതദേഹം കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കകം തന്നെ തന്നെ മൂന്നു പ്രതികളെയും പൊലീസ് പിടികൂടാനായി. മൂന്ന് പ്രതികളും ഇപ്പോഴും റിമാൻഡിലാണ്. 

ചില ഫൊറൻസിക് ഫലങ്ങള്‍ കൂടി ലഭിച്ചാൽ നിയമപദേശത്തിനായി കുറ്റപത്രം നൽകും. കൊലപാതകം, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിവയാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്.  പൂവാർ സിഐയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്.