ഉപ്പുതറ എം. സി. കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ എം. സി. കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് രതീഷെന്ന് വിളിക്കുന്ന സുബിനായി പോലീസ് അന്വേഷണം തുടങ്ങി. ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. സുബിന്റെയും രജനിയുടെയും ഇളയ മകൻ സ്കൂളിൽ നിന്നെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ അമ്മ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പോലീസ് നടത്തിയ പരിശോധനയിൽ തലക്ക് മുറിവേറ്റതായി കണ്ടെത്തി. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പോലീസ് സംശയിക്കുന്നത്.

ഉച്ചവരെ സുബിൻ വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം സുബിൻ ഓട്ടോയിൽ കയറി വരുന്നതും പരപ്പ് എന്ന സ്ഥലത്ത് നിന്നും ബസ്സിൽ കയറി പോകുന്നതും നാട്ടുകാർ കണ്ടിരുന്നു. രജനിക്കും സുബിനും മൂന്ന് മക്കളുണ്ട്. ഒരാൾ കാഞ്ഞിരപ്പള്ളിയിലാണ് പഠിക്കുന്നത്. രജനിയുടെ തലയിൽ ഗുരുതര പരിക്ക് ഉണ്ട്. നാളെയാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുക. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിക്കും. അതിന് ശേഷമേ പോസ്റ്റുമോർട്ടം നടക്കൂ.