പയ്യോളി: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തിന്‍റെ ഞെട്ടലിലും ദുഃഖത്തിലുമാണ് കോഴിക്കോട് പയ്യോളി അയണിക്കാട് പ്രദേശം. സമീപത്തെ തോട്ടിൽ നിന്നാണ് ആമിന ഹജുവയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നും ഏറെ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും നാട്ടുകാരും പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്‍റെ മേൽനോട്ടത്തിൽ പയ്യോളി സിഐ ആണ് കേസ് അന്വേഷിക്കുന്നത്.

ജൂലൈ രണ്ട് വ്യാഴാഴ്ച. ഉച്ച സമയം. അമ്മ അഷ്റ മുൻവശത്ത് വീട്ടുജോലിയുടെ തിരക്കിൽ. രണ്ട് വയസുകാരി ആമിന അടുത്തുണ്ടായിരുന്നു, പതിവ് ചിരിയും കളിയുമായി. അമ്മൂമ്മയും മൂത്ത മകളും വീട്ടിനകത്തും. പക്ഷേ. പത്തുമിനിറ്റ്, വെറും പത്ത് മിനിറ്റ്. എല്ലാം കീഴ് മറിഞ്ഞു. സമയം 12.45. ആമിന ഹജുവയെ കാണുനില്ല. പിന്നെ പരക്കം പാച്ചിൽ, കൂട്ട തെരച്ചിൽ. ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം പിൻവശത്തെ തോടിന്‍റെ തുടർച്ചയിൽ ആമിനയുടെ ശ്വാസമറ്റ ശരീരം.

12.45 എന്ന സമയത്തേക്ക് തിരികെ പോകാം. സമീപത്തെ വീട്ടിലെ അപ്പുവും ഷെമീനയും ഒരു കരച്ചിൽ കേട്ടിരുന്നു. പെട്ടെന്ന് നിന്നുപോയൊരു കു‌‌‌ഞ്ഞു കരച്ചിൽ. തോടിൽ രണ്ട് കിലോമീറ്റർ അപ്പുറത്താണ് ആമിനയുടെ മൃതദേഹം കിടന്നത്. തോട്ടിലേക്ക് വീട്ടിൽ നിന്ന് 100 മീറ്റർ ദൂരം. ഈ ഭാഗത്തേയ്ക്ക് കുട്ടി നടന്നെത്തിയെങ്കിൽ തന്നെ സമീപത്തെ വീട്ടുകാർ കണ്ടേനെ. 

പക്ഷേ ആരും കണ്ടില്ല, ആരെ കണ്ടാലും കുരയ്ക്കുന്ന നായയും ശബ്ദിച്ചില്ല. അതുകൊണ്ട് തന്നെ കുട്ടി ഈ ഭാഗത്തേയ്ക്ക് വന്നില്ലെന്ന് നാട്ടുകാർ ഉറപ്പിക്കുന്നു. തോടിലൂടെ ഒഴുകിയതിന്‍റെ ലക്ഷണങ്ങളോ രണ്ട് മണിക്കൂർ വെള്ളത്തിൽ കിടന്നതിന്‍റെ മരവിപ്പോ ആ കുഞ്ഞു മൃതദേഹത്തിനുണ്ടായിരുന്നില്ല.

പിന്നെ ആമിനയ്ക്ക് എന്തായിരിക്കും സംഭവിച്ചിരിക്കുക. നിരവധി ചോദ്യങ്ങൾ, വീടിന് സമീപത്തെ കുറ്റിക്കാടിനെ കേന്ദ്രീകരിച്ചും സംശയങ്ങൾ.ഈ കാട് താണ്ടി മൃതദേഹം കിടന്നെടുത്ത് എത്താം. നെഞ്ചുപിളർക്കുന്ന വേദനയിലാണ് അമ്മ അഷ്റ. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പിതാവ് ഷംസീറും.