കൊല്ലം: സൂരജിന്‍റെ വീട്ടില്‍ വച്ച് മകൾ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനൻ. എന്നാല്‍, വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിരുന്നില്ലെന്നും ഉത്രയുടെ അച്ഛന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി മുതല്‍ ഉത്ര കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നു. പണം ആവശ്യപ്പെട്ട് ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ പറയുന്നു. പീഡനം കൂടിയപ്പോള്‍ ഉത്രയെ സ്വന്തം വിട്ടിലേക്ക് കൂട്ടികൊണ്ട് വരാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍, സൂരജിന്‍റെ ബന്ധുക്കള്‍ ഇടപെട്ട് പിന്‍തിരിപ്പിച്ചു എന്നും വിജയസേനൻ പറഞ്ഞു. ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നവെന്ന് സൂരജിന്‍റെ കുറ്റസമ്മത മൊഴിയിലും വ്യക്തമാണ്.

അതേസമയം, സൂരജിനെയും സുരേഷിനെയും ചാത്തന്നൂരിലും പാരിപ്പള്ളയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ഒപ്പം ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പാമ്പ് പിടിത്തകാരനായ സുരേഷിന്‍റെ സഹായികളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സൂരജ് ജോലി ചെയ്ത പണമിടപാട് സ്ഥാപനത്തിലെ ചില ജീവനക്കാർ അടുത്ത സുഹൃത്തുകള്‍ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. സുരജിന്‍റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും.

Also Read: ഉത്ര കൊലപാതകം: അറസ്റ്റ് മുന്‍കൂട്ടി കണ്ട് സൂരജ്, പിടിയിലാകുന്നതിന് തൊട്ടുമുമ്പ് നിയമസഹായം തേടി