കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും പ്രതി സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചൽ പോലീസും ഉത്രയുടെ അച്ഛനും അടൂർ പോലീസിന്‍റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല. 

അടൂരിലെ സൂരജിന്‍റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചപ്പോള്‍ ഇരുവരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റെവിടേക്കോ കുട്ടിയുമായി മാറി നിൽക്കുന്നുവെന്ന് കരുതുന്നതായും പൊലീസ് പറയുന്നു.  കുട്ടിയും പ്രതി സൂരജിന്‍റെ അമ്മ രേണുകയും അഭിഭാഷകനെ കാണാന്‍ പോയിരിക്കുകയാണെന്നായിരുന്നു സൂരജിന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച മറുപടി.  ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക കഥ പുറത്തുവന്നത്. സ്വത്തിനും സമ്പത്തിനും വേണ്ടി ഭാര്യയെ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് സൂരജ്  കടിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. രണ്ടു തവണ കൊല്ലാന്‍ ശ്രമിക്കുകയും രണ്ടാം തവണ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്. 

Read more at:  ഉത്ര കൊലപാതകം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൂരജിൻ്റെ വീട്ടുകാരും പ്രതിപട്ടികയില്‍...

ഇതിന് പിന്നാലെ സൂരജിന്‍റെ വീട്ടുകാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. സൂരജിന്‍റെ കുടുംബത്തിനൊപ്പമുള്ള ഉത്രയുടെ കുട്ടിയുടെ ജീവനും അപകടത്തിലാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പിന്നാലെ കുട്ടിയെ ഉത്രയുടെ കുടുംബത്തോടൊപ്പം വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിടുകയായിരുന്നു.