വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ഭാര്യയുടെ കഴുത്തറുത്തെടുത്ത് തലയുമായി നഗരത്തിലൂടെ നടന്ന യുവാവ് ഒടുവില്‍ പൊലീസിന് കീഴടങ്ങി. സത്യനാരായണപുരയിലെ ശ്രീനഗര്‍ കോളനിയിലാണ് സംഭവം. മണിക്രാന്തി(23) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപ് കുമാര്‍ അറസ്റ്റിലായി. 

വീട്ടിനുള്ളില്‍വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒരുകൈയില്‍ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്ന് നീങ്ങി. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ തല കനാലില്‍ വലിച്ചെറിഞ്ഞ ശേഷമാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.

തല കണ്ടെടുക്കുന്നതിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തലയില്ലാത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അഞ്ച് വര്‍ഷം മുമ്പാണ് പ്രദീപ് കുമാര്‍ മണിക്രാന്തിയും പ്രണയിച്ച് വിവാഹിതരായത്. സമീപകാലത്ത് ഇവര്‍ പതിവായി വഴക്കുകൂടിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണിക്രാന്തി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.