ഹൈദരാബാദ്: പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വിചാരണ ചെയ്ത് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഇരുപത് വയസ് പ്രായമുള്ള യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ഗ്രാമത്തിലുള്ളവര്‍ വ്യക്തമാക്കുന്നത്. ഒളിച്ചോടിയ ഇവരെ കഴിഞ്ഞ ദിവസം ഗ്രാമത്തിലേക്ക് തിരിച്ച് കൊണ്ടുവന്നിരുന്നു. 

ഇവരെ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അനന്ത്പൂര്‍ ജില്ലയിലെ കെ പി ദൊഡ്ഢി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് നടുവില്‍ തലകുനിച്ചിരിക്കുന്ന യുവാവിനേയും ദൃശ്യങ്ങളില്‍ കാണാം. 

"

പെണ്‍കുട്ടി നല്‍കിയ മറുപടികളില്‍ കുപിതനായ പ്രായമായ ആള്‍ കൈകള്‍ കൊണ്ടും വടികൊണ്ടും ചവിട്ടിയും ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് പൊലീസ് സംഭവം ശ്രദ്ധിക്കുന്നത്. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി. വനിതാ കോണ്‍സ്റ്റബിളിനെ അയച്ച് സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവാവുമായി പെണ്‍കുട്ടിക്ക് ശാരീരിക ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ പോക്സോ ഉള്‍പ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

എസ് സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരായി സംഭവത്തില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.