കാസര്‍കോട്: കേരളത്തിന്‍റെ വേദനയായി കാസര്‍കോട് ബളാലിലെ ആന്‍ മേരി മാറുമ്പോള്‍ കെലാപാതകം നടപ്പാക്കിയ പ്രതിയും സഹോദരനുമായ ആല്‍ബിന്‍ ബെന്നിയുടെ പദ്ധതികള്‍ പുറത്ത് കൊണ്ടു വന്ന് പൊലീസ്. കുടുംബം കൂട്ടത്തോടെ ആത്മഹത്യക്ക് ശ്രമിച്ചു, പക്ഷേ, മകന്‍ മാത്രം അത്ഭുതകരമായി രക്ഷപെട്ടു. ഇങ്ങനെ ഒരു തിരക്കഥയായിരുന്നു ആല്‍ബിന്‍ മനസില്‍ മെനഞ്ഞെടുത്തത്.

പക്ഷേ, ഡോക്ടര്‍മാരുടെ ഇടപെടലും സംശയങ്ങളും ആല്‍ബിന്‍റെ പദ്ധതികളെ തകര്‍ത്തു.  ആന്‍മേരിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ സംഭവത്തിലെ ദുരൂഹതയേക്കുറിച്ച് സൂചന നല്‍കിയത്. ഓഗസ്റ്റ് ആറിന് ബെന്നിയും പിന്നാലെ ബെസിയും സമാനലക്ഷണങ്ങളുമായി ചികിത്സ തേടി. ബെന്നിയെ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ ചികിത്സയ്ക്കായി കോഴിക്കോടേയ്ക്ക് കൊണ്ടുപോയി.

ബെന്നിയുടെ രക്തപരിശോധനയിലും ശരീരത്തിലെ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും കഴിച്ച ഐസ്ക്രീമിലൂടെയാണ് വിഷാംശം ശരീരത്തിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനിടെ ഭക്ഷ്യവിഷ ബാധയേറ്റെന്ന് അവകാശപ്പെട്ട് കേസില്‍ വെള്ളരിക്കുണ്ട് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ആല്‍ബിനും ആശുപത്രിയിലെത്തി.

എന്നാല്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഒരേ ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് വിഷബാധയേല്‍ക്കുകയും നാലാമന് കുഴപ്പമില്ലാതെ വരികയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് പൊലീസ് ആല്‍ബിനെ ചോദ്യം ചെയ്തത്.

ഇതോടെയാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് വ്യക്തമായത്. ലഹരിക്കടിമയായ ആൽബിൻ തന്‍റെ ഇഷ്ട്ടത്തിന് ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടുകയായിരുന്നു.