കാണ്‍പൂര്‍: സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച ആര്‍മി കേണല്‍ അറസ്റ്റിലായി. കന്‍റോണ്‍മെന്‍റ് ഏരിയയിലെ ഓഫീസേഴ്സ് മെസില്‍ വച്ച് സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു റഷ്യന്‍ സ്വദേശിയായ സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ചത്. പരാതി ഉയര്‍ന്നതോടെ ഒളിവില്‍ പോയ ഇയാളെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കാനായി ഒളിവില്‍ പോകുന്നതിനായി ശ്രമിക്കുമ്പോഴാണ് കേണല്‍ നീരജ് ഗലോട്ട് അറസ്റ്റിലായത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചിരുന്നു. പാര്‍ട്ടിക്കിടെ സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം റഷ്യന്‍ സ്വദേശിയായ യുവതിയെ കേണല്‍ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി. 

കാണ്‍പൂരിലെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പീഡനം എതിര്‍ത്തപ്പോള്‍ തന്നെ  ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ താമസിച്ച് വരുകയായിരുന്നു റഷ്യന്‍ സ്വദേശിയായ യുവതി.