വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നും ഇതിന് മുമ്പ് അന്വേഷണമുണ്ടായപ്പോഴൊന്നും പുറത്ത് വരാത്ത വീഡിയോ ഇപ്പോൾ പുറത്ത് വിട്ടതിന്റെ കാരണമെന്താണെന്നതുമാണ് ഉയരുന്ന ചോദ്യം.
കോഴിക്കോട്: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിച്ച കേസില്‍ വഴിത്തിരുവുണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അസീസിന്‍റെ മരണത്തില്‍ വീണ്ടും ദുഹൂഹതയേറുന്നു. 2020 മേയ് 17നായിരുന്നു അസീസിന്റെ മരണം. വീടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ അന്നേ രംഗത്തെത്തിയിരുന്നു.
പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അസീസ്. വീട്ടിൽ നിന്ന് പീഡനം നേരിടുന്നതായി അസീസ് നാട്ടുകാരോടും സഹപാഠികളോടും പറഞ്ഞിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.
അസീസിനെ സഹോദരൻ ക്രൂരമായി മർദിക്കുന്നതും കഴുത്ത് ഞെരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതെപ്പോൾ ചിത്രീകരിച്ചതാണെന്നും ഇതിന് മുമ്പ് അന്വേഷണമുണ്ടായപ്പോഴൊന്നും പുറത്ത് വരാത്ത വീഡിയോ ഇപ്പോൾ പുറത്ത് വിട്ടതിന്റെ കാരണമെന്താണെന്നതുമാണ് ഉയരുന്ന ചോദ്യം.
മർദ്ദന സമയത്ത് വീട്ടിലുണ്ടായിരുന്ന ആരോ ആണ് ഇത് ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ, ഇതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വീഡിയോ അസീസ് മരിക്കുന്ന അന്ന് ചിത്രീകരിച്ചതാണോ അതോ മുമ്പെപ്പോഴെങ്കിലും കുട്ടിയെ മർദ്ദിക്കുന്നത് വീഡിയോ എടുത്തതാണോ എന്നതിൽ പൊലീസ് അടക്കം സംശയം പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ പോലും വീട്ടിൽ നിന്ന് അസീസിന് ക്രൂര പീഡനമേൽക്കേണ്ടി വന്നുവെന്നതിന് വീഡിയോ ദൃശ്യങ്ങൾ തെളിവാണ്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സഹോദരനായ സഫ്വാന്‍ വീടിനകത്ത് വെച്ച് അസീസിന്റെ കഴുത്തിൽ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതുമാണുള്ളത്. അസീസ് ബോധരഹിതനാവുന്നതും സഫ്‍വാന്‍ അസീസിന്റെ നെഞ്ചിൽ തടവുന്നതും ദൃശ്യങ്ങളില്‍ കാണാം. അസീസിന്‍റെ കഴുത്ത് ഞെരിക്കുന്നതായി ദൃശ്യങ്ങളിലുളള സഫ്‍വാന്‍ അടുത്തിടെയാണ് വിദേശത്തേക്ക് പോയത്.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത് എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആക്ഷൻ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ സാഹചര്യത്തിൽ കേസ് വീണ്ടും അന്വേഷിക്കാൻ കോഴിക്കോട് റൂറൽ എസ്പി നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് തന്നെയാണ് അന്വേഷണ ചുമതല.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിനെയാണ് കേസന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പുറത്ത് വന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കിയതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അസീസിന്റെ കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
