ആറംങ്ങോട്ടുകര:തൃശ്ശൂർ ആറംങ്ങോട്ടുകരയിൽ  ബാങ്കിന്റെ എടിഎം കുത്തി തുറന്ന് കവർച്ചാ ശ്രമം നടത്തിയ മോഷ്ടാക്കൾ മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിൽ. ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചാശ്രമം നടത്തിയ പ്രതികളെ ആണ് പൊലീസ് പിടികൂടിയത്. അസം സ്വദേശികളായ നിക് പാൽ (19) ,ജറൂൽ ഇസ്ലാം (22) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എടിഎമ്മിന് അര കിലോ മീറ്റർ മാത്രം അകലെ താമസിച്ചിരുന്ന ഇവർ രണ്ട് മാസം മുൻപാണ് സിമന്റ് പണിക്കായിആറംങ്ങോട്ടുകരയിലെത്തിയത്.

ഇന്ന് പുലർച്ചെ 2 .45 ന് ആണ് മോഷണശ്രമം നടന്നത്.  ചാലിശ്ശേരി പോലീസ് പ്രദേശത്ത് പുലർച്ചെ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് എടിഎം പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടന്ന പരിശോധനയിൽ മോഷണശ്രമം നടന്നതായി പൊലീസിന് വ്യക്തമായി. കമ്പി പാര ഉപയോഗിച്ച് കുത്തിതുറക്കുന്ന മോഷ്ടാവിന്റെ ചിത്രവും CCTV യിൽ നിന്ന് പോലീസിന് ലഭിച്ചു. ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത് തന്നെ താമസിച്ചിരുന്ന അസം സ്വദേശികളെ പൊലീസ് പിടികൂടിയത്. മോഷണശ്രമം മാത്രമാണ് നടന്നതെന്നും പണം നഷ്ടമായിട്ടില്ലെന്നും ബാങ്ക് മാനേജർ അറിയിച്ചു.