കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജനൽചില്ലുകൾ തകരുന്ന ശബ്ദം കേട്ടാണ് സെറീനയും കുടുംബവും ഉണര്‍ന്നത്. 

കൊല്ലം: കുളത്തൂപ്പുഴയിൽ വനിതാ ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്‍റെ വീടിന് നേരെ ആക്രമണം. ചന്ദനക്കാവ് വാര്‍ഡ്‌ അംഗം സെറീന ഷാനുവിന്‍റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജനൽചില്ലുകൾ തകരുന്ന ശബ്ദം കേട്ടാണ് സെറീനയും കുടുംബവും ഉണര്‍ന്നത്. ഒരാൾ പാറക്കല്ലുകൾ വീടിന് നേരെ എറിയുന്നതാണ് ഇവര്‍ കണ്ടത്. വീട്ടുകാ‍‍ർ ബഹളം വച്ചതോടെ അയൽവാസികളും ഉണര്‍ന്നു. ഇതോടെ അക്രമി ഓടി ഒളിച്ചു. നാട്ടുകാർ പിന്നാല ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ടി ഷര്‍ട്ട് ധരിച്ച് മുഖം മറച്ച ഒരാളാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സെറീന ഷാനു പറഞ്ഞു.

കാര്‍പ്പോര്‍ച്ചിലുണ്ടായിരുന്ന ഇരു ചക്രവാഹനത്തിന്റെ കാറ്റും അക്രമി അഴിച്ചു വിട്ടു. സെറീന ഷാനുവിന്‍റെ പരാതിയില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.