ഉത്തർ പ്രദേശിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും പൊള്ളലേറ്റു.

മീററ്റ്: വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് സംഭവം. 22കാരനാണ് വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും നേരെ ആക്രമണം നടത്തിയത്. കൈയ്ക്കും തോളിനും പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മീറ്ററിലെ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടി ആണ് ആക്രമണം നടത്തിയത്. പരിക്കേറ്റ യുവതികൾ ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണരുകയും ഉടൻതന്നെ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.

മൂത്തമകളെ ഹർഷ് ഭാട്ടിക്ക് വിവാഹം ചെയ്തു നൽകാൻ തീരുമാനിച്ചിരുന്നതായി പിതാവ് റോഷൻ പറഞ്ഞു. എന്നാൽ യുവാവിൻ്റെ അമിത മദ്യപാനം ഉൾപ്പെടെ ഉള്ള സ്വഭാവ ദൂഷ്യങ്ങൾ മനസ്സിലാക്കിയ കുടുംബം വിവാഹാലോചന വേണ്ടെന്നുവെക്കാൻ നിർബന്ധിതരായി. ഇതിൽ പ്രകോപിതനായ യുവാവ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും മക്കളെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

പരിക്കേറ്റ യുവതികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കസ്റ്റഡിയിലുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്ക് ആസിഡ് ലഭിച്ചത് എവിടെ നിന്നാണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.