'43കാരിക്ക് നടുറോഡില്‍ ആലിംഗനം, കത്തി കാണിച്ച് തട്ടിക്കൊണ്ടു പോകല്‍'; മാജി രാഹുല്‍ അറസ്റ്റില്‍
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ യുവതിയെ ഉപേക്ഷിച്ച് രാഹുല്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നെന്ന് പൊലീസ്.

തിരുവനന്തപുരം: കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് രണ്ടരയോടെ പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമരവിളയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43കാരിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപെടുത്തി ഓമ്‌നി വാനില്‍ കയറ്റി കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു.
പ്രതി കത്തി കാണിച്ച് ഭീഷണിപെടുത്തി പൊതുജനമധ്യത്തില്‍ വച്ച് ആലിംഗനം ചെയ്യുകയും തുടര്‍ന്ന് വാനില്‍ കയറ്റി ബൈപാസില്‍ കൊണ്ട് പോയി കത്തി എടുത്തു കുത്താന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ യുവതിയെ ഉപേക്ഷിച്ച് രാഹുല്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഹുലുമായി അടുപ്പത്തില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. 2020ല്‍ രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി രാഹുലിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിന്റെ വിരോധം ആണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മരയാമുട്ടം സി.ഐ പ്രസാദ്, പാറശാല എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
'കൈയില്‍ 300 രൂപ, പോകുന്നത് ഫ്‌ളോറിഡയിലേക്ക്'; കാട്ടാക്കടയിലെ 13കാരന്‍ പറഞ്ഞത്
തിരുവനന്തപുരം: തന്റെ ഇഷ്ട സ്ഥലമായ ഫ്‌ളോറിഡയിലേക്ക് പോകാനാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കാട്ടാക്കടയിലെ 13കാരന്‍. കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത് 300 രൂപ മാത്രമാണ്. യൂണിഫോം കണ്ട് പേടിച്ചിരിക്കുന്നതിനാല്‍ കുട്ടി മറ്റൊന്നും പറയുന്നില്ലെന്നും വനിത ഉദ്യോഗസ്ഥയെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു.
കാട്ടാക്കട ആനകോട് സ്വദേശിയായ 13കാരനെയാണ് ഇന്ന് പുലര്‍ച്ചെ കാണാതായത്. തന്റെ കളര്‍ പെന്‍സിലുകള്‍ സുഹൃത്തിന് നല്‍കണമെന്നും താന്‍ പോകുന്നുവെന്നുമാണ് കുട്ടി വീട്ടുകാര്‍ക്കെഴുതിയ കത്തില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം വ്യാപകമാക്കി. 5.30ന് പട്ടകുളം പ്രദേശത്തെ സിസി ടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കനത്ത മഴ; തിരുവനന്തപുരത്ത് മലയോര, തീര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം