കുളത്തൂപുഴ: കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിയുടെ അമ്മ ഓട്ടോഡ്രൈവറായ ശിവകുമാറിനോട് ആയിരം രൂപ കടമായി ചോദിച്ചിരുന്നു. ഈ പണം നല്‍കാനായി ശിവകുമാര്‍ ഇന്നലെ വൈകിട്ടോടെ ഇവരുടെ വീടിനടുത്തെത്തി കുട്ടിയുടെ അമ്മയെ വിളിച്ചപ്പോള്‍ കുളിക്കടവിലാണെന്നും പണം വാങ്ങാന്‍ മകളെ അയക്കാമെന്നും അറിയിച്ചു. ഇതനുസരിച്ച് കുട്ടി ശിവകുമാറിന്റെ അടുത്തെത്തിയതോടെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മ നാട്ടുാകരെ വിവരം അറിയിച്ചു. ഇതിനിടയിലാണ് വനത്തിന്റെ ഭാഗത്തായി ശിവകുമാറിന്റെ ഓട്ടോ കണ്ടെത്തിയത്.

നാട്ടുകാര്‍ എത്തിയതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ശിവകുമാര്‍ മുങ്ങി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് രാത്രിയോടെ ശിവകുമാറിനെ പിടികൂടി. കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സ്ഥലത്തും വനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവാഹിതനായ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം. ശിവകുമാരിനെതിരെ മുമ്പും പീഡന ശ്രമമടകക്കം നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.