മുളങ്കുന്നത്തുകാവ്: തൃശ്ശൂരില്‍ വയോധികയ്ക്കെതിരെ മാല കവരാന്‍ വേണ്ടി ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറും കാമുകിയും അറസ്റ്റില്‍. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് പൂമാല വട്ടായി കരിമ്പത്ത് സുശീല എന്ന 70 കാരിക്കെതിരെയാണ് ഫെബ്രുവരി 9ന്  ക്രൂരമായ ആക്രമണം നടന്നത്. ഓട്ടോയില്‍ ലിഫ്റ്റ് നല്‍കിയ ശേഷം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് കവര്‍ന്ന മല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ റോഡരികില്‍ തള്ളിയാണ് ഓട്ടോ ഡ്രൈവറും ഒരു യുവതിയും അടങ്ങുന്ന സംഘം കടന്നു കളഞ്ഞത്. 

കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ. ചാലക്കുടിയിലെ മേലൂരിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.

ഈ സംഘത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെയാണ് - പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു. പിന്നീട് പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

പിന്നീട് പൊലീസ് ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാന്‍ഡുകളിലും പരിശോധന നടത്തി. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയച്ചു.എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിയ്ക്കു പോയി. കുറേ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറി. ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു.  തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍ കാണുന്ന ഓട്ടോകള്‍ക്കാണു മുകളില്‍ രണ്ടു വലിയ ലൈറ്റുകള്‍ പിടിപ്പിക്കാറ് എന്ന ഓട്ടോക്കാരുടെ സംശയത്തിലായിരുന്നു പിന്നെ അന്വേഷണം.

ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ഓട്ടോകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തൃശൂര്‍ ജില്ലയിലെ നാലായിരം ഓട്ടോകള്‍ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകള്‍ക്കു മാത്രം ഈ ലൈറ്റുണ്ട്. അവര്‍ ഒന്നും കേസില്‍ പെട്ടവരായിരുന്നില്ല. 

ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫൊട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിന് സൂചന നല്‍കി. ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂവെന്നും നാട്ടുകാരുമായി ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു.

അതേ സമയം ഓട്ടോയുടെ ദൃശ്യത്തില്‍ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറ‍ഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തില്‍ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇത് വഴിത്തിരിവായി.

അന്ന് രാത്രിയില്‍ പതിവ് പോലെ പൊലീസ് തേടിയ ഓട്ടോ വീട്ട് മുറ്റത്ത് എത്തി. എന്തോ പന്തികേടു തോന്നിയതിനാല്‍ വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനേയും പൊലീസ് കീഴ്പ്പെടുത്തി. 

ഇടുക്കിയില്‍ ആടുകളെ ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു ജാഫര്‍. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം കൂടി. സിന്ധുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെണ്‍മക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം.