ആഢംബര ജീവിതത്തിന് പണം തികഞ്ഞില്ല, ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിൽ അറസ്റ്റിൽ
കൊച്ചിയില്‍ ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് വിൽപന നടത്തിയ 20കാരി അറസ്റ്റിൽ. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നു. കൊച്ചിയില്‍ ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. കൊല്ലം സ്വദേശിയായ ബ്ലെയ്സി ഏവിയേഷന്‍ കോഴ്‌സ് പഠിക്കാനാണ് ബ്ലെയ്‌സി കൊച്ചിയിലെത്തിയത്.
പഠിക്കുന്നതിനൊപ്പം സ്പാ സെന്ററുകളിലടക്കം ജോലി ചെയ്തു. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു. എന്നാൽ ജോലി ചെയ്ത് കിട്ടുന്ന പണം ആഡംബര ജീവിതത്തിന് തികയാതെ വന്നതോടെ മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നു. ഇതിനിടെ പാതി വഴിയിൽ പഠനം നിർത്തി. കൊച്ചിയിൽ ആഢംബര ജീവിതമാണ് ബ്ലെയ്‌സി നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. രാത്രിയിലായിരുന്നു പ്രധാനമായും വിൽപന. പ്രതിദിനം ഏഴായിരം രൂപവരെ ലഭിച്ചിരുന്നെന്നും യുവതി പറഞ്ഞു.