ലോക്ക് ഡൗണിൽ തുണിയലക്കിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞ്, വരുമാനം ഇടിഞ്ഞപ്പോൾ, പിടിച്ചു നില്ക്കാൻ വേണ്ടി കടയുടെ മുന്നിൽ ബ്രഡ്ഡും ഖാരിയും ഉണ്ടാക്കി വിൽക്കാൻ തുടങ്ങിയതാണ് മുംബൈയിലെ കല്യാണിനടുത്തുള്ള അശോക് നഗർ നിവാസിയായ റോഷൻ കാനോജിയ. സ്വന്തമായി നടത്തിക്കൊണ്ടിരുന്ന ലോൺഡ്രി കടയിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഈച്ചയടിച്ചിരുന്നിട്ടും ഒരു കസ്റ്റമർ പോലും വരാത്ത സാഹചര്യമുണ്ടായപ്പോഴാണ് റോഷൻ ബ്രെഡ്/ഖാരി കച്ചവടം തുടങ്ങിയത്. എങ്ങനെയും പട്ടിണി കിടക്കാതെ പിടിച്ചു നില്ക്കാൻ വേണ്ടിയാണ് അയാൾ സ്വന്തം കടയ്ക്കു മുന്നിൽ ഈ രണ്ടു പലഹാരങ്ങൾ ഉണ്ടാക്കി വെച്ച് വില്പന നടത്താൻ തുടങ്ങിയത്. 

എന്നാൽ, റോഷന്റെ ഈ നീക്കം ഒട്ടും രുചിക്കാതിരുന്ന ഒരാൾ രണ്ടു കട അപ്പുറത്ത് ഉണ്ടായിരുന്നു. അയാളുടെ പേര് സലാഹുദ്ദിൻ അൻസാരി എന്നായിരുന്നു. അയാൾ അവിടെ നടത്തിയിരുന്ന ബേക്കറിയിൽ കച്ചവടം, തൊട്ടപ്പുറത്ത് സ്വാദിഷ്ടമായ ബ്രെഡ്ഡും ഖാരിയും മറ്റും റോഷൻ വിൽക്കാൻ തുടങ്ങിയതോടെ ഇടിഞ്ഞതായി അയാൾക്ക് തോന്നി. തൊട്ടടുത്ത് താൻ ബേക്കറി വെച്ചിരിക്കുമ്പോൾ തന്റെ വയറ്റത്തടിച്ചുകൊണ്ട് ഇങ്ങനെ ഒരു കച്ചവടം അവിടെ ചെയ്യാൻ പാടില്ലെന്ന് അയാൾ റോഷനെ വന്നു ഭീഷണിപ്പെടുത്തി. എന്നാൽ, ജീവിക്കാൻ വേറെ വഴിയൊന്നും അറിയാത്തതുകൊണ്ട് അയാൾ സലാഹുദ്ദീന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല. വീണ്ടും മടങ്ങി വന്ന സലാഹുദ്ദീനുമായി ദിവസങ്ങൾക്കു മുമ്പ് നേരിയൊരു സംഘർഷം ഉണ്ടായപ്പോൾ അത് കല്യാൺ മഹാത്മാ ഫുലെ സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുന്നിടം വരെ എത്തി. അന്ന് പൊലീസ് രണ്ടുപേരെയും പറഞ്ഞു സമാധാനിപ്പിച്ച് വിട്ടതായിരുന്നു. 

എന്നാൽ, തിങ്കളാഴ്ച രാവിലെ വീണ്ടും സലാഹുദ്ദിൻ റോഷന്റെ അനിയൻ അമറുമായി ഇതേ കാര്യം പറഞ്ഞ് വഴക്കിടാൻ വന്നു. ഒന്നും രണ്ടും പറഞ്ഞ് അവർ തമ്മിൽ കയ്യാങ്കളിയായി. സലാഹുദ്ദിൻ റോഷനുമായി മൽപ്പിടുത്തം നടത്തുന്നത് കണ്ടപ്പോൾ അയാളുടെ  സലാഹുദ്ദിന്റെ ബന്ധുക്കളായ കാസിമുദ്ദീനും നടീമും സലാഹുദ്ദിന്റെ പക്ഷം ചേർന്ന് അമറിനെ മർദ്ദിച്ചു തുടങ്ങി. ഇത് കണ്ടുകൊണ്ടാണ് റോഷൻ വരുന്നത്. അയാൾ പ്രശ്നത്തിൽ ഇടപെട്ട് തല്ലുകൂടുന്നവരെ വേർപിരിക്കാൻ ശ്രമിച്ചു. അതോടെ മൂവർ സംഘത്തിന്റെ കോപം റോഷന് നേരെ തിരിഞ്ഞു. അവരുടെ മർദ്ദനമേറ്റ് അബോധാവസ്ഥയിലായ റോഷനെ ബായി രുക്മിണി ബായ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കല്യാൺ പൊലീസ് കേസെടുക്കുകയും സലാഹുദ്ദീനെയും സഹോദരങ്ങളെയും അറസ്റ്റു ചെയ്യുകയും ചെയ്തു.