Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ വാഹനമോടിച്ചത് അർജുനെന്ന് പ്രകാശ് തമ്പി, വേറെ പണമിടപാടുകളില്ലെന്നും മൊഴി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജയിലിലാണ് പ്രകാശ് തമ്പി ഇപ്പോൾ. വാഹനമോടിച്ചത് അർജുനാണെന്നും മൊഴി മാറ്റിയ ശേഷം അർജുൻ വിളിച്ചിട്ടില്ലെന്നുമാണ് പ്രകാശ് തമ്പി പറയുന്നു. 

balabhasker death arjun was driver when accident happened says prakash thambi
Author
Thiruvananthapuram, First Published Jun 8, 2019, 5:00 PM IST

തിരുവനന്തപുരം: അപകടമുണ്ടായപ്പോൾ ബാലഭാസ്കറിന്‍റെ വാഹനം ഓടിച്ചത് അർജുനാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി. ആശുപത്രിയിൽ കിടന്നപ്പോൾ ഇക്കാര്യം അർജുൻ തന്നോട് പറഞ്ഞിരുന്നു. എന്നാൽ മൊഴി മാറ്റിയ ശേഷം അർജുൻ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരികൃഷ്ണൻ ജയിലിലെത്തി എടുത്ത മൊഴിയിലാണ് പ്രകാശ് തമ്പിയുടെ വെളിപ്പെടുത്തൽ.

ബാലഭാസ്കറുമായി പണമിടപാടുണ്ടോ?

തനിക്ക് സ്വർണക്കടത്തിൽ ബന്ധമില്ലെന്ന മൊഴി പ്രകാശ് തമ്പി ആവർത്തിച്ചു. വിഷ്ണുവിന്‍റെ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി മാത്രമാണ് ദുബായിൽ പോയത്. 2013-ലും 2014-ലും ബാലഭാസ്കറിനൊപ്പം ദുബായിൽ ഷോ നടത്താനായി പോയിരുന്നു. അന്ന് ബാലഭാസ്കറിന്‍റെ മൊബൈൽ താനാണ് കൈയിൽ സൂക്ഷിച്ചത്. പിന്നീട് അപകടമുണ്ടായപ്പോൾ ഫോൺ പൊലീസ് കൊണ്ടുപോയെന്നും തമ്പി മൊഴി നൽകി.

ആശുപത്രിയിലായിരുന്നപ്പോൾ അവരുടെ എടിഎം കാർഡുകളും ക്രെഡിറ്റ് കാർഡുകളും തന്‍റെ പക്കലായിരുന്നു. പിന്നെ അതെല്ലാം ലക്ഷ്മിക്ക് തിരികെ നൽകി. ബാലഭാസ്കറിന്‍റെ പരിപാടികൾ താൻ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഓരോ പരിപാടികൾ കഴിയുമ്പോഴും പതിനായിരമോ, പതിനയ്യായിരമോ രൂപ ബാലഭാസ്ക‌ർ തരും. അതല്ലാതെ തനിക്ക് ബാലഭാസ്കറുമായി യാതൊരു പണമിടപാടുകളും ഉണ്ടായിരുന്നില്ലെന്നും പ്രകാശ് തമ്പി പറയുന്നു. 

സിസിടിവി പരിശോധിച്ചത്

എന്തിനായിരുന്നു ബാലഭാസ്കറും കുടുംബവും കൊല്ലത്ത് നിർത്തി ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളുള്ള സിസിടിവിയുടെ ഹാർഡ് ഡിസ്ക് പ്രകാശ് തമ്പി പരിശോധിച്ചത്? അർജുൻ താനല്ല വണ്ടിയോടിച്ചതെന്ന് മൊഴി മാറ്റിയപ്പോഴാണ് സിസിടിവി പരിശോധിച്ചത്. എന്നാൽ ഒന്നും കിട്ടിയില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കി. 

ബാലഭാസ്കറിനെ പരിചയപ്പെട്ടത്

സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയായ വിഷ്ണു വഴിയാണ് ബാലഭാസ്കറിനെ പരിചയപ്പെടുന്നതെന്നാണ് പ്രകാശ് തമ്പിയുടെ മൊഴി. വിഷ്ണു ജിമ്മിൽ വച്ചാണ് ബാലഭാസ്കറിനെ കണ്ടുമുട്ടിയത്. പിന്നീടിത് നല്ല സൗഹൃദമായി. വിഷ്ണുവും ബാലഭാസ്കറുമായി നല്ല സൗഹൃദമായിരുന്നെന്നും പ്രകാശ് തമ്പി മൊഴി നൽകി. 

Follow Us:
Download App:
  • android
  • ios