ഇന്‍ഡോര്‍: ആണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്തതായി പൊലീസ്. അമർജീത് സിം​ഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിൽ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമര്‍ജീത് സിങ് പെൺകുട്ടികളെ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആണ്‍ സുഹൃത്തുക്കളുമായി എംബിഎ വിദ്യാര്‍ഥിനികള്‍ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമര്‍ജീത് സിങ് എത്തിയത്. ശകാര വര്‍ഷം നടത്തിയ ശേഷം ഇയാൾ വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ചും മര്‍ദ്ദിച്ചു. ആണ്‍കുട്ടികളുമായും തര്‍ക്കമുണ്ടായി. 

ഇയാള്‍ സ്ഥിരമായി തങ്ങളെ വീക്ഷിച്ചിരുന്നു എന്നും റോഡിലൂടെ നടക്കുമ്പോഴും മറ്റും തുറിച്ച് നോക്കാറുണ്ടെന്നും ഒരു വിദ്യാര്‍ഥിനി പറഞ്ഞു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്. ആണ്‍സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അലോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു.

"