Asianet News MalayalamAsianet News Malayalam

പണം നൽകാത്തതിന് വിദ്യാർത്ഥിക്ക് മ‍ർദ്ദനം; എസ്എഫ്ഐ പ്രവർത്തകരെന്ന് പരാതി

പ്രതികൾ എസ്എഫ്ഐ അനുഭാവികൾ മാത്രമാണെന്നാണ് എസ്എഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം

beat plus two student for money in kayamkulam, allegation that attackers are sfi members
Author
Kayamkulam, First Published Jun 22, 2019, 5:47 PM IST

കായംകുളം: കായംകുളം പുല്ലുകുളങ്ങരയിൽ പണം നൽകാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പുല്ലുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കാ‍ർത്തിക്കിനെയാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചെതെന്ന് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറത്തിറങ്ങിയ വിദ്യാർത്ഥിയെ സ്കൂൾ കവാടത്തിന് മുന്നിൽ വച്ചാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. വിദ്യാർത്ഥിയോട് ഇവർ നിരന്തരം പണം ആവശ്യപ്പട്ടു. പലതവണ ഭീഷണിപ്പെടുത്തി. ഒരു തവണ ചെറിയ തുക നൽകിയെങ്കിലും കൂടുതൽ പണം വേണമെന്ന ഭീഷണി തുടർന്നു. 

ഒടുവിൽ പണം കിട്ടില്ലെന്ന് മനസിലായതോടെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പൂർവ്വ വിദ്യാർത്ഥികളായ അഭിജിത്ത്, അനന്ദു എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. 

സ്കൂളിലെ മിക്ക വിദ്യാർത്ഥികളെയും ഇവർ ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടെന്നും കായംകുളം പൊലീസിന് നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു. 

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ടവർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് എസ്എഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വം വിശദീകരിച്ചു. അജിത്ത്, അനന്ദു എന്നിവരെ പ്രതി ചേർത്ത് കായംകുളം പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

"

Follow Us:
Download App:
  • android
  • ios