കൊച്ചി: മദ്യവും മയക്കു മരുന്നും ഉപയോഗിച്ച ശേഷമുണ്ടായ വാക്കുതർക്കമാണ് കാക്കനാടിനു സമീപം തെങ്ങോട്  ബ്യൂട്ടി പാർലർ മനേജരുടെ കൊലയ്ക്ക് കാരണമായതെന്ന് പൊലീസ്.  അറസ്റ്റിലായ പ്രതി സെക്കന്തരാബാദ് സ്വദേശി ചണ്ഡിരുദ്രയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  

ശനിയാഴ്ച രാത്രിയാണ് എടച്ചിറയിലെ മസ്ക്കി ബ്യൂട്ടി പാർലറിൽ മനേജരായിരുന്ന സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരൻ കുത്തേറ്റ് മരിച്ചത്. സഹപ്രവർത്തകനായിരുന്നു  ചണ്ടിരുദ്ര എന്നു വിളിക്കുന്ന അഭിഷേകാണ് കുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതി ചണ്ടി രുദ്രയെ സെക്കന്തരാബാദിലെ സുഭാഷ് നഗറിൽ നിന്നാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.

ലഹരി ഉപയോഗിക്കുന്നതിനിടെ രണ്ടു പേരും തൊഴിൽ സംബന്ധമായ  കാര്യങ്ങളെചൊല്ലി വാക്കു തർക്കമുണ്ടായി. ടാറ്റു ചെയ്യുന്നതിൽ വിദഗ്ദ്ധനാണ് ചണ്ഡി രുദ്ര. വിജയ്ക്ക് ഈ തൊഴിലിലുള്ള അറിവു കുറവിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ അടുക്കളയിലുണ്ടായിരുന്ന കത്തിയുമായി വിജയ് ആക്രമിക്കാനെത്തി.

തുടർന്ന് നടന്ന മൽപ്പിടുത്തത്തിനൊടുവിൽ കത്തി കൈക്കലാക്കി ചണ്ഡി രുദ്ര വിജയ്‍യെ കുത്തുകയായിരുന്നു. പിന്നീട് സ്വദേശത്തേക്ക് കടന്നു. ആന്ധ്ര പൊലീസിന്‍റെയും സെക്കന്തരാബാദ് മലയാളി അസോസിയേഷൻറെയും സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും.