ഇടുക്കി: ഇടുക്കി രാജാപ്പാറയിലെ നിശാപാർട്ടിക്ക് ബെല്ലി ഡാൻസ് നർത്തകിയെത്തിയത് വീസാ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ. വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആര്‍ആര്‍ഒ) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ടൂറിസ്റ്റ് വിസയിലെത്തി പ്രതിഫലം വാങ്ങി നൃത്തം ചെയ്ത യുക്രൈൻ സ്വദേശിനിയെ നാട്ടിലേക്ക് തിരിച്ചയക്കും. ഇടുക്കി എസ്പിയുടെ അഭ്യർത്ഥനപ്രകാരമാണ് എഫ്ആര്‍ആര്‍ഒ അന്വേഷണം നടത്തിയത്. യുക്രൈൻ സ്വദേശിയായ ഗ്ലിംഗാ വിക്റ്റോറ ടൂറിസ്റ്റ് വിസയിലാണ് കേരളത്തിലെത്തിയത്.

ടൂറിസ്റ്റ് വീസയിലെത്തിയ ആൾക്ക് പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നതിനും, പരിപാടികളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഈ ചട്ടം നർത്തകി ലംഘിച്ചെന്ന് എഫ്ആര്‍ആര്‍ഒയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിസ അനുസരിച്ച് അടുത്തമാസം അവസാനം വരെ ഇന്ത്യയിൽ തങ്ങാൻ അനുമതിയുണ്ടെങ്കിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ഇവരെ ഉടനെ നാട്ടിലേക്ക് തിരിച്ചയ്ക്കും.

രാജാപ്പാറയിൽ അല്ലാതെ മറ്റെതെങ്കിലും പരിപാടിയിൽ ഇവർ പങ്കെടുത്തോയെന്നും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്.

കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുത്ത 33 പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി 14 പേർകൂടി അറസ്റ്റിലാവാനുണ്ട്. കോൺഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.