ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബെംഗളുരു ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ബിനീഷ് ഇഡിക്ക് മുന്നിൽ വ്യക്തത വരുത്തേണ്ടത്. 

രാവിലെ 11 മണിയോടെയാണ് ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ ബിനീഷ് ഹാജരായത്. അഭിഭാഷകനും സുഹൃത്തും ഒപ്പമുണ്ട്. ബിനീഷെത്തി അല്പസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിച്ചു. ബെംഗളുരു മയക്കുമരുന്ന് കേസിലെ ഹവാല പണമിടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 

കേസിൽ എൻസിബി പിടികൂടിയ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ബിനീഷ് ഇഡിക്ക് മുന്നിൽ വ്യക്തത വരുത്തേണ്ടത്. നേരത്തെ അനൂപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തിയത്. എന്നാൽ അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് തനിക്കറിവുണ്ടായിരുന്നില്ലെന്നാണ് ബിനീഷിൻറെ പ്രതികരണം.