ബംഗളൂരു: വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 38 കാരിയെ സെൽഫി കാണിച്ച് ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയിൽ ബംഗളൂരു സ്വദേശിയായ ചന്ദ്രശേഖറാണ് അറസ്റ്റിലായത്. യുവതിയ്ക്ക് ചന്ദ്രശേഖറുമായുള്ള പരിചയത്തിൽ എടുത്ത സെൽഫികൾ കാണിച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് കോറമംഗല സ്വദേശിയായ യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

വിവാഹ അഭ്യർത്ഥന സ്വീകരിച്ചില്ലെങ്കിൽ സെൽഫികൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും തന്നെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുമെന്നും യുവാവ് പറഞ്ഞിരുന്നു. കൂടാതെ ഇടയ്ക്ക് പണമാവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. തന്നെ വിവാഹം ചെയ്തുതരണമെന്ന് അമ്മയോടും ബന്ധുക്കളോടും ഇയാൾ ആവശ്യപ്പെട്ടതായും യുവതി പൊലീസിനോട് പറഞ്ഞു.

യുവതി നടത്തുന്ന ബ്യൂട്ടിപാർലറിന്‍റെ സമീപത്താണ് ചന്ദ്രശേഖറിന്‍റെ ഓഫീസ്. അവിടെ വച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നുവെന്നും ഒടുവിൽ കണ്ടപ്പോഴാണ് സെൽഫി എടുത്തതെന്നും യുവതി പറയുന്നു. അവിവാഹിതനാണ് അറസ്റ്റിലായ ചന്ദ്രശേഖർ.