ബെംഗളൂരു: വിവാഹം ചെയ്യണമെങ്കിൽ സ്ത്രീധനമായി ആവശ്യപ്പെടുന്ന ഭൂമി നൽകണമെന്ന കാമുകന്റെയും കുടുംബത്തിന്റെയും നിരന്തര ഭീഷണിയെത്തുടർന്ന് 24 കാരി ജീവനൊടുക്കി. ബെംഗളൂരുവിൽ എംഎൻ ഹള്ളിയിൽ താമസിക്കുന്ന എസ് സ്മിതയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തോടു ബന്ധപ്പെട്ട് സ്മിതയുടെ കാമുകനായ പ്രഥമിന്റെയും മൂന്നു കുടുംബാംഗങ്ങളുടെയും പേരിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ പ്രഥമിന്റെ പേര് 100 തവണ കുത്തിക്കുറിച്ചിരുന്നു. വളരെക്കാലമായി അടുപ്പത്തിലായിരുന്ന ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്മിതയെ വിവാഹം കഴിക്കണമെങ്കിൽ ബെംഗളൂരുവിലും  ചിക്കമംഗളൂരുവിലും രണ്ട് ഏക്കര്‍ ഭൂമി വാങ്ങി നൽകണമെന്ന് ബാങ്ക് ജീവനക്കാരനായ പ്രഥം ആവശ്യപ്പെടുകായിരുന്നു. അപ്രതീക്ഷിതമായുള്ള യുവാവിന്റെ മനംമാറ്റത്തിൽ തകർന്നുപോയ സ്മിത ഇക്കാര്യം വീട്ടിൽ അറിയിച്ചെങ്കിലും നിർധനകുടുംബമായതിനാൽ അവർ നിസ്സഹായരായിരുന്നു.

വീണ്ടും പ്രഥമിന്റെ കുടുംബാംഗങ്ങളുമായി സ്മിതയുടെ അച്ഛൻ ശങ്കര ഗൗഡ ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും അവർ ആവശ്യത്തിൽ നിന്ന് പിന്മാറിയില്ല. ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്ത്രീധനമായി ഭൂമി നല്കാൻ കഴിയില്ലെന്ന് സ്മിതയുടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രഥം വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ മാനസികമായി തകർന്ന സ്മിത ജീവനൊടുക്കുകയായിരുന്നു.