സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച്  മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ഭാര്യാപിതാവിന്‍റെ പരാതി 

ഹൈദരാബാദ്: മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്‍റെ പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തുകയെച്ചൊല്ലി മധു പ്രകാശ് മകളെ പീഡിപ്പിച്ചിരുന്നുവെന്ന ഭാര്യ പിതാവിന്‍റെ പരാതിന്മേലാണ് അറസ്റ്റ്. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. 

ഹൈദരാബാദ് സ്വദേശിയായ ഭാരതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി. 

'സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്‍റെ പേരില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു'. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പറഞ്ഞിരുന്നത്. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം.. തെലുങ്കു സീരിയലുകളിലെ പ്രധാന താരമായ മധു പ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.