തിരുവനന്തപുരം: അമ്പൂരിയിലെ രാഖിയുടെ അരുംകൊലയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ. ആത്മഹത്യാഭീഷണി മുഴക്കിയ രാഖിയെ അഖിലും രാഹുലും കഴുത്ത് ഞെരിച്ച് കൊന്നെന്ന് റിമാൻഡ് റിപ്പോർട്ട്. രാഖിയെ വിവാഹം ചെയ്തിരുന്നതായും അഖില്‍ മൊഴി നല്‍കി.

അന്പൂരിയിൽ രാഖിയെ പ്രതികളായ അഖിലും രാഹുലും ചേർന്ന് കഴുത്തു ‍ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തെ എതിർത്തതുകൊണ്ടാണ് രാഖിയെ കൊന്നതെന്നാണ് അഖിലിന്‍റെ മൊഴി. 

-മുഖ്യപ്രതി അഖിലും സഹോദരൻ രാഹുലും അയൽവാസിയായ ആദർശും ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തി എന്നാണ് രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ ആദ്യം കഴുത്ത് ഞെരിച്ചത് രാഹുൽ. തുടർന്ന് രണ്ട് പ്രതികളും ചേർന്ന് കയറുപയോഗിച്ച് കഴുത്ത് കുരുക്കി മരണം ഉറപ്പാക്കി. 

രാഖിയും അഖിലും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി അഖിലിന്‍റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് രാഖിയുടെ കഴുത്തിൽ താലികെട്ടി.

എന്നിട്ടും വീട്ടുകാർ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. അതോടെ രാഖി പൊലീസിൽ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി ഇതോടെ കൊലപ്പെടുതതാൻ തീരുമാനിച്ചു.

മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛൻ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖിൽ മൊഴി നൽകി. അച്ഛന് കൊലയിൽ പങ്കില്ലെന്നാണ് അഖിലിന്‍റെ മൊഴിയെങ്കിലും പൊലീസ് അത് വിശ്വസിക്കുന്നില്ല.

കമുകിൻ തൈ നടാനാണെന്ന് മക്കൾ പറഞ്ഞത് കൊണ്ടാണ് കുഴി കുത്താൻ സഹായിച്ചതെന്നാണ് അച്ഛൻ അ മണിയന്‍റെ വിശദീകരണം. മൃതദേഹം കണ്ടെത്തിയ ദിവസം പുലർച്ചെ അഖിലിനെ അച്ഛൻ മണിയൻ ഓട്ടോയിൽ കയറ്റി വിടുന്നത് കണ്ടതായി ചില നാട്ടുകാർ പൊലീസിന് അറിയിച്ചു. രണ്ടാം പ്രതി രാഹുലിനെ ഒൻപത് വരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ അഖിലിനെ നാളെ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുക്കും.