കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ. സുരേന്ദ്രന്‍റെ കുടുംബത്തിനെതിരെ അശ്ലീല കമന്‍റിട്ടയാള്‍ക്കെതിരെ ബിജെപി നിയമനടപടിക്കൊരുങ്ങുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പ്രവാസിയാണ് കമന്‍റിട്ടതെന്നാണ് സൂചന. കമന്‍റിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിന് താഴെയായിരുന്നു അശ്ലീല കമന്‍റ്.

മുഹമ്മദ് മാനു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു അശ്ലീല കമന്‍റിട്ടത്. കമന്‍റിനെിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ഇയാള്‍ കമന്‍റ് നീക്കം ചെയ്തു. എന്നാല്‍, കര്‍ശന നടപടി വേണമെന്ന് ബിജെപി പ്രവര്‍ത്തകരും നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശപ്പെട്ടു.

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരായ നിരവധി പോസ്റ്റുകളുണ്ട്. ഇയാള്‍ പേരാമ്പ്ര പെരിഞ്ചേരിക്കടവ് സ്വദേശിയാണെന്ന് വ്യക്തമായതായി ബിജെപി കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു. ഇയാള്‍ നിലവില്‍ ഖത്തറിലാണുള്ളത്. ഇയാള്‍ക്കെതിരെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കും. ഇയാളുടെ വീട്ടുകാരെയും കാര്യങ്ങള്‍ അറിയിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

എന്നാല്‍, പോസ്റ്റിട്ടയാള്‍ക്കെതിരെ താന്‍ പരാതി നല്‍കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍ പറ‍ഞ്ഞു. പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം. അതേസമയം, അശ്ലീല പോസ്റ്റിട്ടയാളുടെ ഫേസ്ബുക്ക് പേജിലും ഖത്തര്‍ സര്‍ക്കാരിന്‍റെ ഫേസ്ബുക്ക് പേജിലും ബിജെപി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്.