പതിനാറാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട സുശാന്ത് അന്ന് തകര്‍ന്നില്ല. പക്ഷേ, ഇപ്പോള്‍ ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രം സുശാന്തിനെ വേദനിപ്പിച്ചതെന്താണെന്ന് മനോജ് തിവാരി ചോദിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

പാറ്റ്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി മനോജ് തിവാരി. ബിഹാറിലെ പാറ്റ്നയിലെത്തി സുശാന്തിന്‍റെ കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് സിബിഐ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബോളിവുഡില്‍ സ്വജനപക്ഷപാതം (നെപോട്ടിസം) ഉണ്ടെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. ഈ സ്വജനപക്ഷപാതം കാരണം പുറത്ത് നിന്നുള്ളവര്‍ക്ക് ബോളിവുഡില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പുറത്ത് നിന്നെത്തിയ ആരെങ്കിലും ബോളിവുഡില്‍ വിജയം നേടിയാല്‍ അവരുടെ വഴിയടയ്ക്കുകയാണ്.

പതിനാറാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട സുശാന്ത് അന്ന് തകര്‍ന്നില്ല. പക്ഷേ, ഇപ്പോള്‍ ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രം സുശാന്തിനെ വേദനിപ്പിച്ചതെന്താണെന്ന് മനോജ് തിവാരി ചോദിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റുകാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ എംപി ചിരാഗ് പാസ്വാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കത്തയച്ചിരുന്നു. സുശാന്തിന്‍റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണനെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത്. പാറ്റ്നയില്‍ ജനിച്ച സുശാന്തിനെ ജൂണ്‍ 14നാണ് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ പൊലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.