കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ പല നിയമലംഘനങ്ങളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്

ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ യുവവ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലാണ് 36കാരനായ വ്യവസായി അറസ്റ്റിലായത്. കൃപലാനി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി. ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ബിസിനസുകാരനാണ് കൃപലാനി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ പല നിയമലംഘനങ്ങളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കസ്റ്റംസ് വകുപ്പിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയുടെ ചില വീഴ്ചകൾ മുതലെടുത്താണ് ഇയാൾ ബ്ലാക്ക്മെയിലിങ് തുടങ്ങിയത്. പിന്നീട് ഇവരുടെ സഹപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്തിരുന്നു. തുടക്കത്തിൽ പരാതിക്കാരിയുമായി പ്രണയം നടിച്ച് അടുത്തുകൂടിയാണ് ഇയാൾ ലൈംഗികമായി മുതലെടുപ്പ് തുടങ്ങിയത്. താൻ പറയുന്നത് കേട്ടില്ലെങ്കിൽ സ്വകാര്യ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഏകദേശം ഏഴ് വർഷത്തോളം കൃപലാനിയുടെ ഉപദ്രവം സഹിച്ച ശേഷമാണ് ഉദ്യോഗസ്ഥ യെലഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന സ്ഥലം ഇന്ദിരാനഗർ പരിധിയിലായതിനാൽ പൊലീസ് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.

കൃപലാനി ഇതിനുമുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അയൽവാസികൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്നും രാത്രി വൈകി പാർട്ടി നടത്തുന്നുണ്ടെന്നും കാണിച്ച് ഇയാൾ ഇന്ദിരാനഗർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുക്കുന്നതിന് പകരം എൻസിആർ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. ഇതിൽ ദേഷ്യം തോന്നിയ കൃപലാനി പൊലീസിനോട് പ്രതികാരം ചെയ്യാൻ സ്വന്തം അമ്മയായ മഹേശ്വരിയെക്കൊണ്ട് 2025 ജൂൺ മാസത്തിൽ ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യിച്ചു. തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ചെന്നൈയിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു.ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ചെന്നൈയിൽ നിന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. ഇയാളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പൊലീസിനെ കുടുക്കാൻ മനപൂർവം ഒളിവിൽ പോയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കൃപലാനിയുടെ അമ്മയ്ക്ക് ഹൈക്കോടതി 2 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം