കോട്ടയം: എബാം ചെയ്ത ശേഷം സംസ്കരിക്കാന്‍ നല്‍കിയ മനുഷ്യ ശരീരങ്ങള്‍ ബക്കറ്റില്‍ പാടത്ത് ഉപേക്ഷിച്ച നിലയില്‍, രണ്ട് പോര്‍ അറസ്റ്റില്‍. കോട്ടയം ആര്‍പ്പൂക്കരയിലാണ് സംഭവം. ചാലാകരി പാടത്ത് ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയിലാണ് മനുഷ്യ ശരീരത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. 

ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയ ആളുകളാണ്  പാടത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ ബക്കറ്റ് കിടക്കുന്നത് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഉപകരണങ്ങളില്‍ ആശുപത്രിയുടെ മേല്‍വിലാസമുണ്ടായിരുന്നതാണ് പൊലീസ് അന്വേഷണത്തെ സഹായിച്ചത്. 

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സംസ്കരിക്കാനായി നല്‍കിയ ഉദരഭാഗങ്ങളാണ് ഇവയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവ സംസ്കരിക്കാനായി ഏല്‍പ്പിച്ച അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍, പെരുമ്പായിക്കാട് ചിലമ്പിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് എന്നിവരെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പത് വയസ്സുള്ള രോഗിയുടെ മൃതദേഹത്തിന്‍റെ ഭാഗങ്ങളാണ് ഇവര്‍ പാടത്ത് തള്ളിയത്. മൃതദേഹം എബാം ചെയ്തപ്പോള്‍ നീക്കിയ ശരീരഭാഗങ്ങളാണ് ഇവര്‍ പാടത്ത് ഉപേക്ഷിച്ചത്. മൃതദേഹം ഫ്രീസറില്‍ വയ്ക്കാതെ രണ്ടാഴ്ചയില്‍ അധികം വക്കേണ്ടി വരുമ്പോഴാണ് എബാം ചെയ്യുന്നത്. രക്തക്കുഴലുകളില്‍  രാസ്വസ്തുക്കള്‍ കയറ്റി രക്തം അലിയിച്ച് കളഞ്ഞ ശേഷം ഫോര്‍മാലിന്‍ കയറ്റുന്നതാണ് ഈ നടപടി. ശരീരം ദ്രവിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.