Asianet News MalayalamAsianet News Malayalam

'ജോളിയിൽ നിന്ന് പണം വാങ്ങി, ഭൂനികുതി അടയ്ക്കാൻ ശ്രമിച്ചു': സമ്മതിച്ച് ലീഗ് പ്രാദേശിക നേതാവ്

ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാനാണ് പോയത്. തന്‍റെ ഭൂമിയുടെ നികുതി കൂടി അടയ്ക്കാമോ എന്ന് ചോദിച്ചതുകൊണ്ടാണ് പോയതെന്ന് ഇമ്പിച്ചി മൊയ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

bought half lakh rupees from jolly says muslim league leader imbichi moideen koodathai murder
Author
Koodathai, First Published Oct 8, 2019, 5:34 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന് വ്യാജ ഒസ്യത്തിൽ സഹായം ചെയ്ത് നൽകിയെന്ന് ആരോപണമുയർന്ന ലീഗ് നേതാവ് ഇമ്പിച്ചി മൊയ്‍ദീനോട് ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്ന് ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിച്ചു. എന്നാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ല. എന്തോ പ്രശ്നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസിൽ നിന്ന് പറഞ്ഞെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നു. ലീഗിന്‍റെ ശാഖാ പ്രസിഡന്‍റാണ് ഇമ്പിച്ചി മൊയ്‍ദീൻ. 

ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നത്

ജോളിയെ രണ്ടര വർഷം മുമ്പാണ് പരിചയമെന്നാണ് ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നത്. തന്‍റെ ഒരു അയൽവാസി വഴിയാണ് ജോളിയെ പരിചയപ്പെട്ടത്. അതാരെന്ന് ഇമ്പിച്ചി മൊയ്‍ദീൻ തുറന്ന് പറയാൻ തയ്യാറാകുന്നില്ല. 

''മകന് ഗൾഫിൽ പോകാൻ അമ്പതിനായിരം രൂപ ആവശ്യമുണ്ടായിരുന്നു. അത് തരാമെന്നേറ്റ ആൾ അവസാന നിമിഷം തന്നില്ല. അത്യാവശ്യം ഉള്ള കാര്യം അയൽവാസിയോട് പറഞ്ഞപ്പോൾ 'ജോളിട്ടീച്ചറോട് ചോദിച്ച് നോക്കീ, അവര്ടെ കയ്യിലുണ്ടാകും' എന്ന് പറഞ്ഞത് ആ അയൽവാസിയാണ്. അന്ന് ജോളിയെ കണ്ടപ്പോൾ അവർ അമ്പതിനായിരം രൂപ തന്നു. ഇത് രണ്ടരക്കൊല്ലം മുമ്പാണ്. ഇത് മൂന്ന് തവണയായി ഞാൻ തിരിച്ച് കൊടുക്കുകയും ചെയ്തു'', ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നു. 

എന്തൊക്കെ സഹായങ്ങൾ ജോളിയ്ക്ക് ഇതിന് ചെയ്തു കൊടുത്തു എന്ന ചോദ്യത്തിന് ആദ്യമൊന്നും ഇമ്പിച്ചി മൊയ്‍ദീൻ കൃത്യമായ ഉത്തരം പറയുന്നില്ല. ജോളിയുടെ ഫോൺ രേഖകളിൽ നിരവധി തവണ ഇമ്പിച്ചി മൊയ്‍ദീന്‍റെ പേരുമുണ്ട്. ''ആ വീട്ടിൽ കറന്‍റ് പോവുകയോ മോട്ടോർ കേടാവുകയോ ചെയ്താൽ ദാമോദരൻ എന്നൊരാളെ വീട്ടിൽ സഹായത്തിന് വിളിച്ച് കൊടുക്കും, അത്ര മാത്രം'', എന്നാണ് ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നത്. 

പിന്നീട്, സ്വത്തുമായി ബന്ധപ്പെട്ട് എന്ത് സഹായമാണ് ചെയ്തതെന്ന് വിശദമായി പല തവണ ചോദിക്കുമ്പോഴാണ്, ജോളി ആവശ്യപ്പെട്ട പ്രകാരം ഒരിക്കൽ ഭൂനികുതി അടയ്ക്കാൻ പോയിട്ടുണ്ടെന്ന് ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നത്. വില്ലേജോഫീസിൽ നികുതി അടയ്ക്കാൻ പോയപ്പോൾ എന്‍റെ ഭൂമിയുടെ നികുതി കൂടി അടയ്ക്കുമോ എന്ന് ചോദിച്ച് എനിക്ക് തന്നു. അതനുസരിച്ച് ഞാനത് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞത് ഇത് അടയ്ക്കാൻ പറ്റില്ലെന്നാണ്. ''ഇതെന്തോ ചൊറയുള്ള കേസാണെന്ന്'' വില്ലേജോഫീസുകാർ പറഞ്ഞു, അത് പ്രകാരം അടയ്ക്കാതെ തിരിച്ച് പോന്നുവെന്ന് ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നു.

ഇത് സംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ചിന് വിശദമായ മൊഴി നൽകിയിട്ടുണ്ടെന്ന് ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നു. തട്ടിയെടുത്ത ഭൂമിയാണിതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. കൊലപാതകങ്ങളെക്കുറിച്ചൊന്നും ഒന്നുമറിയില്ല. അതിനെക്കുറിച്ച് പൊലീസ് തന്നോട് ചോദിച്ചിട്ടുമില്ലെന്ന് ഇമ്പിച്ചി മൊയ്‍ദീൻ. 

ഇമ്പിച്ചി മൊയ്‍ദീൻ പറയാതെ പറയുന്നത്

പ്രാദേശികമായ നേതാക്കളെ കൃത്യമായി ജോളി പരിചയപ്പെടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തിങ്കളാഴ്ച ജോളിയുടെ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടിരുന്ന പ്രാദേശിക സിപിഎം നേതാവിനെ പാർട്ടി പുറത്താക്കിയിരുന്നു. 

റോയിയുടെ മരണശേഷമാണ് ജോളി സ്വത്ത് കൈക്കലാക്കാനുള്ള ശ്രമം സജീവമാക്കുന്നത്. സ്വത്ത് തനിക്ക് ടോം തോമസ് എഴുതി നൽകിയിരുന്നതായി വ്യാജ ഒസ്യത്തുണ്ടാക്കി. അതിൽ റോയിയുടെ സഹോദരങ്ങളടക്കം സംശയം പ്രകടിപ്പിച്ചപ്പോൾ പുതിയ വ്യാജ ഒസ്യത്തുണ്ടാക്കി. ഇതോടെ, വ്യാജമായാണ് രേഖകളെല്ലാം നിർമിച്ചതെന്ന് വ്യക്തമായി. ഇത് ജോളിയുടെ സഹോദരൻ തന്നെ സമ്മതിച്ചതാണ്. വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് അറിഞ്ഞപ്പോൾ ജോളിയെ വഴക്ക് പറഞ്ഞെന്ന് സഹോദരൻ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഭൂനികുതി അടയ്ക്കാൻ പ്രാദേശികമായി ബന്ധങ്ങളുള്ള മുസ്ലീം ലീഗ് നേതാവിനെ ജോളി ഉപയോഗിച്ചിരുന്നു എന്നത് വ്യക്തമാണ്. അതിനാണ് തീർത്തും അപരിചിതനായിട്ടും അമ്പതിനായിരം രൂപ ഉപാധികളൊന്നുമില്ലാതെ കടം നൽകിയത്. 2011-ന് ശേഷം ഭരണത്തിൽ യുഡിഎഫ് സർക്കാരായിരുന്നതിനാൽ ലീഗ് നേതാവുമായുള്ള പരിചയം ആവശ്യമാകുമെന്ന് ജോളി കരുതിയിരിക്കാനാണ് സാധ്യത.

ഇമ്പിച്ചി മൊയ്‍ദീനെ മാപ്പ് സാക്ഷിയാക്കുമോ, അതോ പ്രതിയാക്കുമോ എന്നതിലൊന്നും ഇതുവരെ വ്യക്തതയില്ല. വിശദമായി ചോദ്യം ചെയ്യാൻ ഇമ്പിച്ചി മൊയ്‍ദീനെ വിളിച്ചു വരുത്തിയ പൊലീസ് മൊഴികൾ പരിശോധിച്ച് വരികയാണ്. 

Follow Us:
Download App:
  • android
  • ios